കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ തെരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി.
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകളും.
നാല് അസിസ്റ്റന്റ് കമ്മീഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ ഇരുപത്തിരണ്ട ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്ത പതിനേഴോളം ഡിജിറ്റൽ ഉപകരണങ്ങളാണ് പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചത്.
കൊല്ലം സിറ്റി പരിധിയിൽപ്പെട്ട കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പളളി, ചവറ, തെക്കുംഭാഗം അഞ്ചാലുമ്മൂട്, കൊട്ടിയം, കരുനാഗപ്പളളി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് പതിനാല് കേസുകളിലായി മൊബൈൽ ഫോണ്, ലാപ്പ്ടോപ്പ്, ഡസ്ക്ടോപ്പ്, വൈഫൈ ഡോംഗിൾ, സിംകാർഡുകൾ തുടങ്ങിയ പതിനേഴ് ഉപകരണങ്ങളാണ് പിടികൂടിയത്.
സൈബറിടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്.
മരണപ്പെട്ട് പോയ വ്യക്തിയുടെയും വിദേശത്ത് പോയ വ്യക്തിയുടെയും സിംകാർഡുകൾ ഉപയോഗിച്ചും അശ്ലീലം തെരഞ്ഞവരും പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാർഥികളും യുവാക്കളും, പ്രഫഷണലുകളും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.
സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനത്തും പ്രവർത്തിക്കുന്ന സൈബർ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകൾ നടത്തിയത്.
പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം കുറ്റവാളികൾക്കെതിരെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും, സിറ്റി പോലീസ് കമ്മീഷണർ നാരായണൻ അറിയിച്ചു.
സിബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സോണി ഉമ്മൻകോശിയുടെ നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.