കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ കശക്കിയെറിയുന്നു. കോവിഡിന്റെ ഒന്നാം വരവിനു ശേഷം എല്ലാം ഒന്ന് ശാന്തമായതായിരുന്നുവെങ്കിലും രണ്ടാം വരവ് കൂടുതല്‍ ശക്തിയോടെയാണ്. തണുപ്പുകാലം ആരംഭിച്ചതോടെ വൈറസ് വ്യാപനം അതിവേഗത്തിലാണ്.
ബ്രിട്ടനുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. ജര്‍മനിയിലും ഇറ്റലിയിലും പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.
ജര്‍മ്മനിയില്‍ ഇന്നലെ 21,506 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇറ്റലിയില്‍ 37,809 പേരെയാണ് ഇന്നലെ കോവിഡ് ബാധിച്ചത്.
രണ്ടു രാജ്യങ്ങളിലേയും ആശുപത്രികളിലേക്ക് കോവിഡ് രോഗികളുടെ ഒഴുക്ക് ആരംഭിച്ചതോടെ, ഒന്നാം വരവിലേതുപോലെ ആരോഗ്യ സംരക്ഷണ രംഗം താറുമാറാകുമെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്.
ഒരു ഭൂഖണ്ഡം എന്ന നിലയില്‍, ലോകത്തിലെ ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലമായി മാറിയിരിക്കുന്നു യൂറോപ്പ്. ഇതുവരെ 12 ദശലക്ഷം രോഗികളാണ് ഇവിടെയുള്ളത്.
ജര്‍മനിയിലും ഇറ്റലിയിലും ഇതുവരെ, ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അത് നല്കാന് കഴിയുന്നുണ്ടെങ്കിലും, ഈ അവസ്ഥ ഒരു പത്ത് ദിവസത്തേക്ക് കൂടി തുടര്‍ന്നാല്‍ എല്ലാം അവതാളത്തിലാകും.
ഒന്നാം വരവില്‍ കോവിഡിനെ ഒരു പരിധിവരെ ഫലപ്രദമായി നേരിടുന്നതില്‍ ജര്‍മ്മനിയെ സഹായിച്ച ലബോറട്ടറികളും പക്ഷെ ഇപ്പോള്‍ പ്രതിസന്ധിയിലേക്ക് നടന്നടുക്കുകയാണ്. പരിശോധനകള്‍ക്കുള്ള മാനദണ്ഡം കൂടുതല്‍ കര്‍ക്കശമാക്കിയതാണ് കാരണം.
ജര്‍മനിയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭാഗീക ലോക്ഡൗണാണ്. നാലാഴ്ചത്തേക്ക് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണില്‍ നിന്നും പക്ഷെ ഷോപ്പുകളേയും സ്കൂളുകളേയും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം വടക്കന്‍ ഇറ്റലിയില്‍ രോഗവ്യാപനം കനത്തതോടെ ഒരു മാസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണത്തെ പോലെ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാന് അടങ്ങുന്ന ലൊംബാര്‍ഡി മേഖല തന്നെയാണ് ഇത്തവണയും കൊറോണയുടെ പ്രധാന വിളയാട്ടുകേന്ദ്രം.
തൊട്ടടുത്തുള്ള പീഡ്മോണ്ട് മേഖല രോഗവ്യാപനത്തിന്റെ കാര്യത്തില്‍ രണ്ടാമത് നില്ക്കുന്നു. കടുത്ത നിയന്ത്രണങ്ങളോടെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരെ ഇറ്റലിയിലെ പല നഗരങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുന്നുമുണ്ട്.
ഓസ്ട്രിയയില്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള 750 ഐസിയുകള്‍ നവംബര്‍ 18നുള്ളില്‍ പൂര്‍ണമായും നിറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രോഗവ്യാപനത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമം 27 ശതമാനം മാത്രമേ വിജയിക്കുന്നുള്ളു എന്നാണ് ഓസ്ട്രിയന്‍ ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.
മറ്റു പല രാജ്യങ്ങളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. അതിവേഗം വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം യൂറോപ്പില്‍ ഒരു വിസ്ഫോടനത്തിനു വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
റഷ്യ, ഫ്രാന്‍സ്, സ്പെയിന്, ബ്രിട്ടന് എന്നീ രാജ്യങ്ങളിലായാണ് യൂറോപ്പിലെ കോവിഡ് രോഗികളില്‍ പകുതിയോളം പേരുള്ളത്. പല രാജ്യങ്ങളിലും നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ യൂറോപ്പിലാകെ കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്.
ഇതിനിടയില്‍ ഒരു മിങ്ക് ഫാമുമായി ബന്ധപ്പെട്ടവരില്‍, കൊറോണ വൈറസിന്റെ പുതിയൊരു വേര്‍ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡെന്മാര്ക്കില് ഏകദേശം 2.8 ലക്ഷം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഫ്രാന്‍സില്‍ ഇന്നലെ മാത്രം 58,046 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ കഴിഞ്ഞയാഴ്ച മുതല്‍ ലോക്ക്ഡൗണാണ്. ഗ്രീസില്‍ ഇന്നു മുതല്‍ലോക്ക്ഡൗണ്‍ നിലവില്‍ വരും.