കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരികയാണെന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍. ഇന്നലെ ഒറ്റ ദിവസം നാലുലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്.
യൂറോപ്പിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒന്നിലധികം യുഎസ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്.
വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രധാന സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അമേരിക്കയില്‍ എട്ട് ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു.
പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാനയില്‍ കൊറോണ വൈറസ് വ്യാപനം ശരാശരി റെക്കോര്‍ഡ് തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ശനിയാഴ്ചത്തെ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ അപ്ഡേറ്റ് പ്രകാരം 31 പേര് കൂടിയാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയത്. ഒക്ലഹോമയിലും രോഗികളുടെ എണ്ണത്തലിലും റെക്കോഡ് വര്‍ധനയാണുണ്ടായിരിക്കുന്നത്.
എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തെ വിജയകരമായി നേരിട്ട യൂറോപ്പ് കോവിഡിന്റെ രണ്ടാം വരവില്‍ വിറങ്ങലിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി 140,000 കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു റീജിയന് എന്ന നിലയില്‍ ഇന്ത്യ, ബ്രസീല്‍, അമേരിക്ക എന്നിവയേക്കാള്‍ കൂടുതല്‍ ദൈനംദിന കേസുകള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകമെമ്പാടുമുള്ള ഓരോ 100 അണുബാധകളിലും 34 എണ്ണം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നാണ് റോയിട്ടേഴ്സ് വിശകലനം.
യൂറോപ്പില്‍ നിലവില്‍ ഓരോ ഒന്‍പത് ദിവസത്തിലും ഒരു ദശലക്ഷം പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം 6.3 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ പകുതിയും യുകെ,ഫ്രാന്‍സ്,റഷ്യ, നെതര്‍ലാന്‍ഡ്സ്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.യൂറോപ്പില്‍ ഏഴ് ദിവസത്തെ ശരാശരി കേസുകളില്‍ ഏറ്റവും കൂടുതല്‍ ഫ്രാന്‍സിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 19,425 അണുബാധകള്‍.
നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ സ്കൂളുകള്‍ അടയ്ക്കുകയും ശസ്ത്രക്രിയകള്‍ റദ്ദാക്കുകയും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ കോവിഡിനെതിരെ പോരാടുന്നതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
റഷ്യ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് രണ്ടാഴ്ചത്തേക്ക് സ്കൂളുകളും നാലാഴ്ചത്തേയ്ക്ക് റെസ്റ്റോറന്റുകളും അടയ്ക്കുകയാണ്.
സ്പെയിനില്‍, കാറ്റലോണിയയിലെ ബാറുകളും റസ്റ്ററന്റുകളും 15 ദിവസത്തേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടു. മാത്രമല്ല, കടകളില്‍ അനുവദനീയമായ ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തി.
2019 ഡിസംബറില്‍ ചൈനയില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് ശേഷം 210 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.