കയ്പമംഗലം: കേരളത്തിൽ ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാനെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച എസ്എസ് എൽ സി, പ്ലസ് ടൂ എന്നിവയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും ഇ. ടി. ടൈസണ് മാസ്റ്റർ എം എൽ എ ഏർപ്പെടുത്തിയ അവാർഡ് ദാനത്തി നോടനുബന്ധിച്ച് അനുമോദന സമ്മേളനം ശ്രീനാരായണപുരം തേവർ പ്പാസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
കഴിഞ്ഞ അധ്യയന വർഷത്തോടെ ലക്ഷ്യാധിഷ്ഠിതമായി കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ ശാക്തീകരണ യജ്ഞം ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെയാണ് നാന്ദി കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇ. ടി. ടൈസണ് മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.
മതിലകം ബിപിഒ ടി.എസ്. സജീവൻ, മതിലകം ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അബീദലി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കെ.മല്ലിക, എ.പി ആദർശ്, പ്രസാദിനി മോഹനൻ, ഇ.ജി. സുരേന്ദ്രൻ, കെ.കെ. സച്ചിത്ത്, ബൈനാപ്രദീപ്, ടി.വി. സുരേഷ് , എഇഒ സുജാത, ജില്ലാ പഞ്ചായത്ത് മെന്പർ ബി. ജി. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.