സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലം പരതുന്നവര്‍ക്ക് പണികിട്ടും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയുകളും വ്യാപകമായി പ്രചരിക്കുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായാണു പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
സൈബര്‍ ഡോം നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മാത്രമായി ഇരുനൂറോളം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണു നിരീക്ഷണത്തിലുള്ളത്.
വാട്സ്ആപ്പ് – ടെലഗ്രാം ഗ്രൂപ്പുകളെയാണ് ഇന്റര്‍പോളിന്റെ നിര്‍ദേശാനുസരണം സൈബര്‍ സെല്‍ നിരന്തരം നിരീക്ഷിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കോട്ടയത്തു നിന്നും പതിനഞ്ചു പേരെ അറസ്റ്റു ചെയ്യുകയും, കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയുടെ രണ്ടാം ഘട്ടം സംസ്ഥാന തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് ഇന്റര്‍പോള്‍ നല്‍കിയ 200 ഗ്രൂപ്പുകളുടെ പട്ടിക സൈബര്‍ ഡോം നിരീക്ഷിക്കുന്നത്.കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍ക്കുറ്റമാണ്. ഇതിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും കണക്കാക്കുന്നത്.
ഇത്തരത്തില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രസിദ്ധീകരിക്കുന്ന സൈറ്റുകളുടെ പട്ടിക സംസ്ഥാന പോലീസിനു ഇന്റര്‍പോള്‍ കൈമാറിയിരുന്നു.
ഇത്തരത്തില്‍ കൈമാറിയ പട്ടികയിലാണ് ഈ സൈറ്റുകളില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ചില ഐ.പി വിലാസങ്ങള്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളതാണ് എന്നു കണ്ടെത്തിയത്.
ഈ ഐപി വിലാസത്തിലുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളുടെ പട്ടികയാണ് സൈബര്‍ ഡോമിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്നാണു പോലീസ് നല്‍കുന്ന സൂചന.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഒന്നാം ഘട്ടത്തില്‍ ‘നീലക്കുറിഞ്ഞി’ പോലുള്ള ടെലഗ്രാം ഗ്രൂപ്പുകള്‍ പൂട്ടിയിരുന്നു. ഒരിടവേളയ്ക്കു ശേഷം വീണ്ടും ടെലഗ്രാമില്‍ സമാനമായ ഗ്രൂപ്പുകള്‍ സജീവമായതായാണ് വിവരം.