ന്യൂഡൽഹി: കേരളത്തിൽ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കുട്ടി ഐസൊലേഷൻ വാർഡിലാണെന്ന് അറിവായെങ്കിലും ഏതു ജില്ലയിലാണ് ചികിത്സയിലുള്ളതെന്നു വ്യക്തമല്ല.
പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് വൈറസ് ബാധ പോസിറ്റീവായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വിവരം നൽകി. പിന്നാലെയാണ് കേന്ദ്ര മന്ത്രാലയം കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ സ്ഥിരീകരണമുണ്ടായിട്ടില്ല.
നിലവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. പെണ്‍കുട്ടി ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. ഇവരുടെ സ്രവത്തിന്റെ പുതിയ സാന്പിളുകൾ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ മറ്റാർക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊറോണ ബാധിച്ച് സംസ്ഥാനത്ത് ആകെ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ കണ്ട 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച തൃശൂരിൽനിന്ന് അഞ്ച് സാന്പിൾ പരിശോധനയ്ക്ക് അയച്ചു.
ചൈനയിൽനിന്നെത്തിയവർ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നും മന്ത്രി അറിയിച്ചു. പോസിറ്റീവായ വിദ്യാർഥിനിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്.