എസ്.ആർ.സുധീർ കുമാർ
കൊല്ലം: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച എട്ട് റേക്കുകളുള്ള വന്ദേ ഭാരത് കേരളത്തിനെന്ന് സൂചന.
ദക്ഷിണ റെയിൽവേയ്ക്ക് പുറമേ ഈസ്റ്റ് കോസ്റ്റ് റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നിവയ്ക്കും പുതിയ ഡിസൈനിലും നിറത്തിലുമുള്ള എട്ട് വന്ദേ ഭാരത് റേക്കുകൾ അനുവദിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് കോച്ച് ഫാക്ടറി ജനറൽ മാനേജരുടെ അറിയിപ്പ് ബന്ധപ്പെട്ട സോൺ ജനറൽ മാനേജർമാർക്ക് ലഭിച്ച് കഴിഞ്ഞു. ബന്ധപ്പെട്ട കോച്ചിംഗ് മൂവ്മെന്റ് സെല്ലുകൾക്കും വിവരം കൈമാറിയിട്ടുണ്ട്.
ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച റേക്കുകൾ പാലക്കാട് ഡിവിഷനാണ് എന്നാണ് വിവരം. റേക്കുകൾ ഉടൻ മംഗലാപുരത്ത് എത്തിക്കുമെന്നാണ് റെയിൽവേ ഉന്നതർ നൽകുന്ന വിവരം.
റൂട്ടുകൾ സംബന്ധിച്ച് അന്തിമ തീരുമാനം റെയിൽവേ ബോർഡ് എടുത്തിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സെപ്റ്റംബറിൽ തന്നെ സർവീസ് ആരംഭിക്കാനാണ് സാധ്യത.
നിലവിലെ തിരുവനന്തപുരം – കാസറഗോഡ് വന്ദേ ഭാരതിന്റെ എതിർ ദിശയിൽ മറ്റൊരു വന്ദേ ഭാരത് പരിഗണനയിലാണന്ന് നേരത്തേ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു.
എന്നാൽ കാസർഗോഡ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്ക് സൗകര്യം ഇല്ലാത്തത് കാരണം ഈ നീക്കം ഉപേക്ഷിച്ചു എന്നാണ് അറിയുന്നത്.
ഇപ്പോൾ പരിഗണിക്കപ്പെടുന്നത് മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം – എറണാകുളം റൂട്ടുകളാണന്നാണ് സൂചന. ഇതിൽ മംഗലാപുരം – എറണാകുളം റൂട്ടിനായിരിക്കും പ്രഥമ പരിഗണന.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തെയും കർണാടകയെയും പരിഗണിച്ച് തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ റൂട്ടിൽ വന്ദേ ഭാരത് വരുന്നത് തടയിടാൻ ടൂറിസ്റ്റ് ബസ് ലോബിയും സജീവമായി രംഗത്തുണ്ട്.