എസ്.ആർ. സുധീർ കുമാർ
കൊല്ലം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്ന് പുലർച്ചെ 3.31ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തി. മെയിന്റനൻസിനും മറ്റുമായി വണ്ടി യാർഡിലേയ്ക്ക് മാറ്റി.
തത്ക്കാലം തിരുവനന്തപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോകില്ല. ഇതു സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
എട്ടുകോച്ചുകളാണ് ഇപ്പോൾ ഉള്ളത്. ഒരു കോച്ച് കൂടി സമീപ ദിവസങ്ങളിൽ കൊച്ചുവേളിയിൽ എത്തിക്കും. എന്തെങ്കിലും അടിയന്തിര ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായി ഈ അധിക കോച്ച് കൊച്ചുവേളിയിൽ തന്നെ ഉണ്ടാകും.
ഇന്ന് കൊച്ചുവേളിയിൽ എത്തിയ വന്ദേ ഭാരത് ട്രയിൻ 23 – ന് കാസർഗോഡിന് കൊണ്ടുപോകും. 24ന് അവിടുന്ന് തിരുവനന്തപുരത്തേയ്ക്ക് കന്നി ഓട്ടം നടക്കും.
കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിൽ നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള തീരുമാനമായത്.
ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് വന്ദേഭാരത് കേരളത്തിലേക്ക് പുറപ്പെട്ടത്. രാത്രി 11.30 ന് വണ്ടി പാലക്കാട് എത്തി. പുലർച്ചെ 2.30 ന് ചേർത്തല പിന്നിട്ടു.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇതടക്കം രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും രണ്ടാം വന്ദേ ഭാരതിന്റെ സർവീസ്. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും.
വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11.55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ ആറ് ദിവസം സർവീസ് ഉണ്ടാകും.
കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്. സമയ ക്രമത്തിൽ നേരിയ മാറ്റത്തിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇന്നോ നാളെയോ വ്യക്തത വരും.