ജനിച്ചയുടന്‍ നടക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാദ്ധ്യങ്ങളില്‍ വലിയരീതിയില്‍ തരംഗമായിരുന്നു. ബ്രസീലില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയായിരുന്നു അത്. പിറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നഴ്‌സിന്റെ കയ്യില്‍ തൂങ്ങി നടക്കുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റിലും നവമാദ്ധ്യമങ്ങളിലും വൈറലായിരിക്കുന്നത്. വൈറലായതിനു പിന്നാലെ അതിനു പിന്നിലെ അതിശയോക്തിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിടുകയായിരുന്നു. പിഞ്ചു കുഞ്ഞ് നടക്കുന്നതില്‍ അത്ര അത്ഭുതമില്ലെന്നും ജന്മനാ കുഞ്ഞുങ്ങളിലുള്ള കഴിവു മാത്രമാണ് ഇതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ വിശദീകണം നല്‍കുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുന്നത്. ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇതിന്റെ യഥാര്‍ഥ വശം വിശദീകരിച്ചു കൊണ്ട് ഡോ. നെല്‍സണ്‍ ജോസഫ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും കുപ്രചരണങ്ങള്‍ക്കും എതിരെ പ്രതികരിക്കുകയും വസ്തുകള്‍ ജനങ്ങളിലെത്തിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ശ്രമിക്കുകയും ചെയ്യുന്ന ഏതാനും ഡോക്ടര്‍മാരാണ് ഈ ഗ്രൂപ്പിനു പിന്നില്‍. ബ്രസീലുകാരനല്ലാത്ത, വാക്സിനെടുത്ത സാധാരണ മലയാളിക്കുട്ടി ഡൊമിനിക് എന്ന പിഞ്ചു കുഞ്ഞ് കാലുകള്‍ മുന്നോട്ടെടുത്തു വച്ച് നടക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മയുടെ കയ്യില്‍ തൂങ്ങി കാലുകള്‍ മുന്നോട്ടു വച്ച് നടക്കാന്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന ഈ പ്രവണതയെ സ്റ്റെപ്പിങ് റിഫ്ലെക്സ് എന്നു പറയുന്നു. ജന്മനാ തന്നെ കുഞ്ഞുങ്ങള്‍ക്ക് സ്വായത്തമായിട്ടുള്ളതും എന്നാല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നഷ്ടപ്പെടുന്നതുമായി ഒന്നിലേറെ കഴിവുകള്‍ ഇത്തരത്തിലുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. കുഞ്ഞ് കൈയില്‍ ബലമായി മുറുക്കി പിടിക്കുന്ന ‘ഗ്രാസ്പ് റിഫ്ലക്സ്’, കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ പാലുകുടിക്കാന്‍ അമ്മിഞ്ഞ തിരഞ്ഞ് പാല്‍ കുടിക്കുന്ന ‘സക്കിങ്’, റൂട്ടിങ് റിഫ്ലക്സ് തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.