കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി ദിലീപിന്റെ കേസില്‍ നിര്‍ണായകമാവും. ഗൂഢാലോചനാ വാദം തെളിയിക്കാനാണ് ഈ മൊഴിയെടുപ്പ്. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഈ വിവരങ്ങള്‍ റിമിയിലൂടെ തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെയാണ് കാവ്യയും ദിലീപുമായുള്ള ബന്ധം ചര്‍ച്ചയാവുന്നത്. ഇവരുടെ ഇടപെടല്‍ നേരിട്ടു കണ്ടത് മഞ്ജുവിനെ അറിയിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി റിമിയോടു പറഞ്ഞിരുന്നു. എന്നാല്‍ റിമി ഇക്കാര്യം അറിയിച്ചതാവട്ടെ ദിലീപിനെയും. താന്‍ നേരിട്ടു കാണാത്തത് പറയാനാകില്ലെന്നായിരുന്നു അന്ന് റിമി നടിയോടു പറഞ്ഞത്. ഇതേകാര്യം പോലീസിനോടും പറഞ്ഞിരുന്നു. റിമി വിചാരണയില്‍ മൊഴി മാറ്റി പറയാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുക്കുന്നത്.
റിമി ടോമി ഉള്‍പ്പെട നാലു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് കോടതിയില്‍ അനുമതി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്. ഫോണിലൂടെ ഇവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. സ്റ്റേജ് ഷോയില്‍ പങ്കെടുത്തവരാണ് ഇവരെല്ലാം. ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്ന റിമിയും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള സൗഹൃദം തകരുന്നത് വിദേശത്ത് സ്റ്റേജ് ഷോയ്ക്കു പോയതോടെയാണ്. മടങ്ങിയെത്തിയത് ശത്രുക്കളായായിരുന്നു. സ്റ്റേജ് ഷോയ്ക്കു ശേഷം ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യര്‍, സംയുക്താവര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ ഗ്യാങിലെത്തി. അതോടെയാണ് ദിലീപിന്റെ അവിഹിത കഥകള്‍ മഞ്ജുവിന്റെ ചെവിയിലെത്തിയത്. ഇത് ദിലീപിന്റെ വൈരാഗ്യത്തിനു കാരണമാവുകയും ചെയ്തു.
അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുമ്പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു. റിമിക്ക് ദിലീപ്, ആക്രമിക്കപ്പെട്ട നടി തുടങ്ങി എല്ലാവരുമായും ബന്ധമുണ്ട്. അതിനാല്‍ ഇവരെ വിളിച്ചോ, തന്റെ വിദേശ ഷോകള്‍ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്ന് അന്വേഷിച്ചത്. ഈ നിര്‍ണായക ഘട്ടത്തില്‍ രേഖപ്പെടുത്തുന്ന രഹസ്യമൊഴി ദിലിപിന്റെ വിധി കുറിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി വരുന്ന ചൊവ്വാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.