തിരുവനന്തപുരം: കടുത്ത ചൂടിൽ കേരളം വെന്തുരുകിയപ്പോൾ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ വൈദ്യുതി ഉപയോഗവും കുത്തനെ ഉയർന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തെ സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ ഇനത്തിൽ കനത്ത തുകയാണ് നൽകേണ്ടി വന്നത്. സെക്രട്ടേറിയറ്റിലെ അഞ്ചു കണ്‍സ്യൂമർ നന്പരുകളിലായി 30.34 ലക്ഷം രൂപയുടെ ബില്ലാണ് കെഎസ്ഇബി നൽകിയത്.
ചൂട് ഉയർന്നതോടെ കൂടുതൽ എസികൾ വിവിധ ഓഫിസുകളിലായി സ്ഥാപിച്ചതും പ്രവർത്തിപ്പിക്കാതിരുന്ന എയർകണ്ടീഷനുകൾ അടക്കം പ്രവർത്തിപ്പിച്ചതുമാണ് വൈദ്യുതി ബിൽ ഉയരാൻ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഓരോ മാസവും ലക്ഷങ്ങൾ മുടക്കിയാണ് മന്ത്രിമാരുടെയും ഐഎഎസുകാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസുകൾക്കായി എസികൾ വാങ്ങിച്ചുകൂട്ടിയത്.
കെഎസ്ഇബി പട്ടം ഓഫിസിൽ നിന്നു ലഭിച്ച ഏപ്രിൽ മാസത്തെ ബില്ല് പ്രകാരം മേയ് 15ന് 30,34,416 രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ പെയ്തു തുടങ്ങിയതിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായിട്ടുണ്ട്.
ഇതിനാൽ ഈ മാസത്തെ ബില്ലിൽ കുറവു വരുമെന്നാണു കണക്കാക്കുന്നത്. മുൻ മാസങ്ങളിൽ 24- 26 ലക്ഷം രൂപയാണ് സെക്രട്ടേറിയറ്റിലെ പ്രതിമാസ വൈദ്യുതി ബില്ല്. 2022- 23ൽ 2.28 കോടിയും 2023- 24ൽ 2.85 കോടിയും ആണ് സെക്രട്ടേറിയേറ്റ് കെട്ടിടങ്ങളുടെ വൈദ്യുത ചാർജിനത്തിൽ അടയ്ക്കാനായി ബജറ്റിൽ വകയിരുത്തിയിരുന്നത്.