കോഴിക്കോട്: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികളുമായി യുഡിഎഫും ബിജെപിയും രംഗത്ത്. ഓരോ ജില്ലകളില്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
തീപിടിത്തത്തില്‍ അട്ടിമറി ആരോപിച്ച് യുഡിഎഫ് ഇന്ന് കരിദിനവും ബിജെപി പ്രതിഷേധ ദിനവും ആചരിക്കുന്നതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസിന് അതാതു ജില്ലാ പോലീസ് മേധാവികള്‍ നിര്‍ദേശം നല്കി.
ജില്ലാ പോലീസ് ആസ്ഥാനം, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തില്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്കി.
ഈ സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് പോലീസിന് നല്കിയ നിര്‍ദേശം. അനുമതിയില്ലാതെയുള്ള പ്രതിഷേധ പരിപാടികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടം കൂടിയാല്‍ അതുമായി ബന്ധപ്പെട്ടുള്ള വകുപ്പ് ചേര്‍ത്താവും കേസ്. ഓരോ ജില്ലകളിലുമുള്ള സായുധ പോലീസിനോടും സജ്ജരായിരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് രാവിലെ കളക്ടറേറ്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.യൂത്ത് ലീഗ് കമ്മീഷണര്‍ ഓഫീസിലേക്കും മാര്‍ച്ചും നടത്തി.
ഇന്നലെ രാത്രിയിലും ജില്ലയില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു. ബിജെപി, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ കസബ പോലീസ് കേസെടുത്തിട്ടുണ്ട്.