കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി വ്യവസായികളും തൊഴിലാളികളും കുടുംബാംഗങ്ങളും കേരള കശുവണ്ടി വ്യവസായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ സമരം ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി തിരുവനന്തപുരം റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഓഫീസിന് മുന്നിൽ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി കൺവീനർ കെ.രാജേഷ് ആവശ്യപ്പെട്ടു.
കശുവണ്ടി വ്യവസായത്തെ പുനരുദ്ധീകരിച്ച് സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളെയും ഇരുനൂറിലധികം വ്യവസായികളെയും രക്ഷിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വ്യവസായികൾ പല നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെയും അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം നടത്തുകയുണ്ടായി.മുഖ്യമന്ത്രിയുടെയും എസ്എൽബിസിയുടെയും ആർബിഐയുടെയും മറ്റ് ബാങ്കുകളുടെയും സംയുക്ത യോഗത്തിൽ എടുത്ത തീരുമാന പ്രകാരം വ്യവസായികൾ 2018 മാർച്ച് 31ന് മുന്പ് ഓരോ യൂണിറ്റുകൾ തിരിച്ച് സമർപ്പിച്ച റിവൈവൽ പ്രൊപ്പോസലുകൾക്ക് നാളിതുവരെയും ഒരു തീരുമാനവും ആയിട്ടില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ നൽകിയ മൊറട്ടോറിയം കാലാവധി അവസാനിച്ചു. കശുവണ്ടി വ്യവസായത്തിനായി എടുത്ത ലോണുകൾ സർഫൈസി ആക്ട് പ്രകാരം വ്യവസായികളെ വീടുകളിൽ നിന്ന് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കണം.
എൻപിഎയായ അക്കൗണ്ടുകൾ സാധാരണ നിലയിലേയ്ക്ക് വരികയും തുടർന്ന് വ്യവസായത്തിന്റെ പഴയ ലോണുകൾ ടേം ലോണുകൾ ആക്കി പുതിയ വർക്കിംഗ് ക്യാപ്പിറ്റലുകൾ പുതിയ പലിശ നിരക്കുകൾ ബാങ്കുകൾ അനുവദിക്കണമെന്നും വ്യവസായം കേരളത്തിൽ തന്നെ നിലനിർത്തണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.