തിരുവനന്തപുരം: തന്പാനൂർ കെഎസ്ആർടി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ മർദിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി. സ്റ്റാൻഡിൽ കിടന്നുറങ്ങിയവരെ സുരക്ഷ ജീവനക്കാരനായ വിജയകുമാർ ചൂരൽ വടി ഉപയോഗിച്ചു മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വിമുക്ത ഭടൻമാർക്ക് ജോലി നൽകുന്ന കെസ്കോണ് വഴിയാണ് ജോലിയിൽ പ്രവേശിച്ചത്.
പ്രായമായവരെയും വിജയകുമാർ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തയാളെയും വിജയകുമാർ ക്രൂരമായി മർദിച്ചിരുന്നു. സംഭവം വഷളായിത്തുടങ്ങിയതോടെ മറ്റ് യാത്രക്കാരും വിഷയത്തിൽ ഇടപെട്ടു. വിജയകുമാറിനോപ്പം മറ്റ് മൂന്നു പേർ കൂടിയുണ്ടായിരുന്നു.
തന്പാനൂർ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ മദ്യപിച്ചിരുന്നതായും ഇവർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചിരുന്നു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാറിനെ കെഎസ്ആർടിസിയിൽനിന്നു പുറത്താക്കിയത്.