മണ്ണുത്തി(തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി(69) എന്നിവരാണ് മരിച്ചത്. കാർഷിക സർവകലാശാല കാന്പസിനകത്ത് പ്രവർത്തിക്കുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. ആന്റണിയെ രക്തം വാർന്നു മരിച്ചനിലയിൽ ബാങ്കിന് സമീപം പായയിലും അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിനു പിന്നിലെ കാനയിലുമാണു കാണപ്പെട്ടത്.
ഇന്ന് രാവിലെ ബാങ്ക് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ആന്റണിയെ കെല്ലപ്പെട്ടനിലയിൽ കണ്ടത്. തൊട്ടു പിന്നാലെ ജോലിക്കെത്തിയ കാഷ്യറോടും മാനേജരോടും ജീവനക്കാരി വിവരം പറഞ്ഞു. ബാങ്ക് അധികൃതർ ഉടനെ മണ്ണുത്തി പോലിസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അരവിന്ദാക്ഷന്റെ മൃതദേഹം സമീപത്തെ ചാലിൽനിന്നു കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്ന് പോലീസ് പറഞ്ഞു. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവസ്ഥലത്തേക്ക് ആരെയും പോലീസ് കടത്തി വിടുന്നില്ല. ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആന്റണിയുടെ മൃതദേഹം തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിനു പിന്നിലെ കാനയിൽനിന്നാണ് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിനു സമീപത്തുനിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ആന്റണിയെ കൊലപ്പെടുത്തിയശേഷം അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
അരവിന്ദാക്ഷൻ കഴിഞ്ഞ മൂന്നുവർഷമായി ബാങ്കിന്റെ സെക്യൂരിറ്റിയാണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റി ജോലിക്കായി നിയോഗിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പണികൾ പൂർത്തിയായതിനാൽ രണ്ടുപേരിൽ ഒരാളെ ജോലിയിൽനിന്നും പറഞ്ഞയയ്ക്കാനിരിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നതായി സംശയമുണ്ട്. എന്നാൽ തർക്കമില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
ഈ മാസം 30ന് ഇവരിൽ ഒരാൾക്ക് ജോലി നഷ്ടമാകുമായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങളുണ്ടായോ എന്ന് പരിശോധിക്കും. മൂന്നു സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി കെ. രാജൻ ഉന്നത പോലീസ് മേധാവികളുമായി കാര്യങ്ങൾ ചർച്ച ചെയ്തു.