ഇടുക്കി: ആനയിറങ്കൽ ഡാമിൽ വാച്ചറുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ ഡാം വാച്ചർ ഇവരെ മടക്കി അയച്ചു. പിന്നീട് രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും വീണ്ടും ഡാമിലെത്തി.
വാച്ചർ കാണാതെ ഇവർ ഡാമിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് ഡാമിന്റെ സമീപത്തു നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചു. പിന്നീട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
പോകരുതെന്ന് പറഞ്ഞ് മടക്കി അയച്ചിട്ടും പിന്നെയും വന്നു: വാച്ചറുടെ കണ്ണുവെട്ടിച്ച് ആനയിറങ്കൽ ഡാമിൽ ഇറങ്ങിയ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
