സിആർപിഎഫ്, ആർപിഎഫ്, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് സുരക്ഷ ചുമതല നിർവഹിക്കുന്നത്
തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയിൽവെ സ്ഥിരം സുരക്ഷ ശക്തമാക്കി. സിആർപിഎഫ്, ആർപിഎഫ്, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് സുരക്ഷ ചുമതല നിർവഹിക്കുന്നത്.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കും. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യൂണിഫോമിലും മഫ്ടിയിലും ഉൾപ്പെടെ പോലീസിനെ വിന്യസിച്ചാണ് പരിശോധനകൾ നടത്തുന്നത്.
ട്രെയിനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എല്ലാ ലഗേജുകളും പരിശോധിച്ച് വരികയാണ്. പാർസലുകൾ തുറന്ന് പരിശോധന നടത്തുന്നുണ്ട്.
സംശയമുള്ള യാത്രക്കാരെയെല്ലാം പരിശോധിച്ച് വരികയാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബോധവത്കരണ അനൗണ്‍സ്മെന്റുകളും നടത്തി വരികയാണ്.
സമയബന്ധിതമായി കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്നാണ് ആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കിയത്.
ആർപിഎഫ്, സിആർപിഎഫ്, ലോക്കൽ പോലീസ് എന്നിവരുടെ പരിശോധനകൾ ഏകോപിപ്പിക്കുന്നതിന് ഓരോ മേഖലകളിലും കോർഡിനേഷൻ ഓഫീസർമാരെയും നിയമിച്ചിരിക്കുകയാണ്.