കോട്ടയം: നഗരത്തിലെ വിവിധ ബാങ്കുകളുടെയും ജ്വല്ലറികളുടെയും മുന്പിൽ രാത്രികാലങ്ങളിൽ കാവൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മഴക്കാലം ദുരിതകാലം. പലപ്പോഴുംപലസ്ഥാപനങ്ങളുടെ മുന്പിൽ കാവൽനിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. രാത്രിയിൽ മഴ ശക്തമാകുന്പോൾ എടിഎം കൗണ്ടറിനുള്ളിൽ കയറിയും മറ്റു കെട്ടിടങ്ങളുടെ സമീപത്തുമാണ് അഭയം പ്രാപിക്കുന്നത്.
അതിനിടെ നഗരത്തിൽ തെരുവുനായ്ക്കളും മോഷ്ടാക്കളും വിലസുന്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയാണ് അധികൃതർ കല്‍പ്പിക്കുന്നതെന്നും ആരോപണമുണ്ട്. നഗരത്തിൽ പോലീസ് പട്രോളിംഗ് ശക്തമായുള്ളതായാണ് ഇത്തരം സുരക്ഷാജീവനക്കാരുടെ ഏക ആശ്രയം.നഗരത്തിലെ മിക്ക സ്ഥാപനങ്ങളിലും സെക്യൂരിറ്റി ഏജൻസികൾ മുഖേനയാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്.
1000 മുതൽ 3000 രൂപ വരെ ഓരോ മാസവും ഓരോ തൊഴിലാളിയിൽനിന്ന് കമ്മീഷനായി ഏജൻസികൾക്ക് ലഭിക്കും. ഏജൻസികൾക്കാണ് സ്ഥാപനം പണം നൽകുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാർക്ക്വേണ്ട സൗകര്യങ്ങളൊരുക്കാനോ പരിശീലനം നൽകാനോ ബന്ധപ്പെട്ട ഏജൻസികൾ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റത്തിൽ സ്ഥാപനങ്ങൾ ഏജൻസികൾക്ക് പരാതി നൽകിയാൽ ഉടനെ സെക്യൂരിറ്റി ജീവനക്കാരെ പറഞ്ഞുവിടുകയാണ് പതിവ്. എന്നാൽ ജീവനക്കാർക്ക് പറയാനുള്ളത് അന്വേഷിക്കാൻപോലും ഏജൻസികൾ തയ്യാറാകുന്നില്ലെന്നു പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാർക്ക് വേണ്ടി വാദിച്ചാൽ സ്ഥാപനത്തിലെ ഏജൻസി നഷ്ടമായേക്കുമോയെന്നാണ് ഏജൻസികളുടെ പേടി. അതിനിടയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം സുരക്ഷാ ജീവനക്കാർ ചൂഷണം ചെയ്യപ്പെടുന്നതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.