കോഴിക്കോട് : തിരുവനന്തപുരത്ത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ വളഞ്ഞിട്ട് ആക്രമിച്ചതിന് പിന്നാലെ കോഴിക്കോടും സുരക്ഷാ ജീവനക്കാരുടെ അധിക്ഷേപം.
കോഴിക്കോട് മെഡിക്കല്‍കോളജിലെ അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരി പോലീസില്‍ പരാതി നല്കി. ഇന്നലെയാണ് പരാതിക്കടിസ്ഥാനമായ സംഭവം.
കോഴിക്കോട് സ്വദേശിയും കോടതി ജീവനക്കാരിയുമായി സ്ത്രീയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ മെഡിക്കല്‍കോളജ് പോലീസില്‍ പരാതിയുമായെത്തിയത്. വിവരങ്ങള്‍ പോലീസ് മുമ്പാകെ വെളിപ്പെടുത്തിയ സ്ത്രീ സാക്ഷികളെ കൂടി ഉള്‍പ്പെടുത്തി രേഖാമൂലം പരാതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാനെത്തിയപ്പോള് ജീവനക്കാരിയോട് ഗേറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ സമാനമായ രീതിയിലുള്ള പരാതികള്‍ ലഭിക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ രോഗിയുടെ സമീപത്തുണ്ടാവുമ്പോള് പരിചരണത്തിന് അസൗകര്യമുണ്ടാവും.
കോവിഡുള്‍പ്പെടെയുള്ള മഹാമാരികളുടെ കാലത്ത് രോഗം പടരാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയുമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും രോഗികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പോലീസ് യൂണിഫോമിന് സമാനം
കോഴിക്കോട് മെഡിക്കല്‍കോളജിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണിഫോം പോലീസ് യൂണിഫോമിന് സമാനമാണ്. പോലീസ് യൂണിഫോമിനോട് ഏറെ സാമ്യതയിലുള്ളതിനാല് തിരിച്ചറിയാന്‍ പോലും സാധിക്കില്ലെന്നാണ് രോഗിയുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്.
ഗേറ്റിലുള്ള സെക്യൂരിറ്റിജീവനക്കാരുമായി പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അനുനയത്തിനെത്തുന്നവര് പോലീസുകാരാണോ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെയാണോയെന്നു തിരിച്ചറിയാന്‍ പോലും സാധിക്കാറില്ലെന്ന് കൂട്ടിരിപ്പുകാര്‍ പറയുന്നു.
പലപ്പോഴും സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേയുള്ള പരാതികള്‍ പോലീസുകാരാണെന്നു കരുതി കൂട്ടിരിപ്പുകാര്‍ പറയുന്നതും മറ്റുള്ള സെക്യൂരിറ്റി ജീവനക്കാരോടാണ്.
യൂണിഫോമിലെ സാമ്യത സംബന്ധിച്ചും പോലീസിന് അറിയാമെങ്കിലും നടപടികള്‍ സ്വീകരിക്കാനാവില്ലെന്നാണ് പറയുന്നത്. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍കോളജ് അധികൃതരാണ് യൂണിഫോം അനുവദിച്ചത്.
അതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ കടമ്പകളേറെയുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.
ഡിജിപിയുടെ ശിപാര്‍ശ പരിഗണനയില്‍
പോലീസ് യൂണിഫോമും ചിഹ്നങ്ങളും മറ്റിതര വകുപ്പുകളും സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളും ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് മുഖ്യമന്ത്രി കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പല വകുപ്പുകളും ഇത് തുടരുകയാണ്.
മറ്റിതര വകുപ്പുകള്‍ പോലീസ് യൂണിഫോം ധരിക്കുന്നതിനെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് വകുപ്പിനോട് സാമ്യമുള്ള യൂണിഫോമുകള്‍ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ ഉപയോഗിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്കെതിരേയും ഏജന്‍സികള്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാര്‍ വളഞ്ഞിട്ട് തല്ലിയത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാര്‍ഡിലേക്കുള്ള പ്രവേശനം തടഞ്ഞതു ചോദ്യം ചെയ്ത ചിറയിന്‍കീഴ് കിഴുവില്ലം സ്വദേശി അരുണ്‍ദേവിനാണ് (28) മര്‍ദനമേറ്റത്. തര്‍ക്കത്തിനും കയ്യാങ്കളിക്കും ഒടുവില്‍ അരുണിനെ പിടിച്ചു വലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
മര്‍ദന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നു മൂന്നു സുരക്ഷാ ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.