ആലപ്പുഴ: ദേശീയപാതയോരത്തുള്ള വണ്ടാനം മെഡിക്കൽ കോളജിന്റെ കമാനത്തോടു ചേർന്ന് നിർമിച്ചിട്ടുള്ള സെക്യൂരിറ്റി റൂം സാമൂഹ്യവിരുദ്ധ കേന്ദ്രമാകുന്നതായി ആക്ഷേപം.കവാടത്തിന് തെക്കുവശമായി നിർമിച്ചിരിക്കുന്ന സെക്യൂരിറ്റി റൂമാണ് ജീവനക്കാരെത്താത്തതുമൂലം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ കേന്ദ്രമാകുന്നത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചതെങ്കിലും സെക്യൂരിറ്റി ജീവനക്കാരോ പോലീസ് ഉദ്യോഗസ്ഥരോ ഇവിടേക്കെത്താറില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
ടൈൽ വിരിക്കൽ അടക്കം നടത്തി നിർമാണം പൂർത്തീകരിച്ചിട്ട് നാളുകളേറെയായെങ്കിലും സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ അധികൃതർ തയാറായിട്ടില്ല. പരാതികളുയരുന്പോൾ കുറച്ചുദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുമെങ്കിലും പിന്നീട് ഇവരെ പിൻവലിക്കുകയാണ് പതിവ്. ഇതോടെ കെട്ടിടവും സമീപപ്രദേശവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചിലർ ഉപയോഗിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
മെഡിക്കൽ കോളജ് വളപ്പിൽ രാത്രികാലങ്ങളിൽ മദ്യ- മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാണെന്ന പരാതിയുമുണ്ട്. ആശുപത്രിയിലെത്തുന്നവരെന്ന വ്യാജേന വാഹനങ്ങളിലെത്തി ഇത്തരം വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതായാണ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനാ പ്രവർത്തകർ പറയുന്നത്.
അടിയന്തിരമായി മെഡിക്കൽ കോളജ് കവാടത്തിലെ സെക്യൂരിറ്റി റൂമിലേക്ക് സ്ഥിരമായി ജീവനക്കാരെ നിയോഗിക്കാനും രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കാനുമുള്ള നടപടി വേണമെന്നുള്ള ആവശ്യം ശക്തമാണ്.