തലശേരി: യുവദമ്പതികൾ തമ്മിലുള്ള കലഹത്തിനിടയിൽ യുവതിയുടെ മൊബൈൽ ഫോൺ തകരാറായി.
നന്നാക്കുന്നതിനിടയിൽ അതീവ രഹസ്യ സന്ദേശങ്ങൾ ടെക്നീഷ്യൻ ചോർത്തി. പുലർച്ചെ രണ്ടിന് യുവതിയെ തേടിയെത്തിയ കാമുകനെ നാട്ടുകാർ കൈയോടെ പൊക്കി.
കണ്ണൂർ ജില്ലയിലെ ഒരു നഗരത്തിലാണ് സംഭവം. ദീർഘകാലം പ്രവാസ ജീവിതം നയിച്ച യുവാവ് നാട്ടിൽ ഭാര്യയുടെ പേരിൽ അരയേക്കർ സ്ഥലവും പൂന്തോട്ടമുള്ള ഭംഗിയുള്ള വീടും വാങ്ങി.
പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ഗൃഹ നാഥൻ ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം സംതൃപ്ത ജീവിതവും തുടങ്ങി.
ഭാര്യയുടെ നീക്കങ്ങളിൽ
ഇതിനിടയിൽ ഭാര്യയുടെ നീക്കങ്ങളിൽ ഗൃഹനാഥന് സംശയങ്ങൾ ഉയർന്നു. ഭാര്യയുടെ ഫോണിലേക്കെത്തുന്ന മെസേജുകളും പ്രിയതമയുടെ ചില സഞ്ചാരങ്ങളും ഗൃഹനാഥനെ അസ്വസ്ഥനാക്കി.
ഇരുവരും തമ്മിലുള്ള കലഹവും പതിവായി. കലഹം മൂത്ത് ഗൃഹനാഥന് താൻ കഷ്ടപ്പെട്ട് വാങ്ങിയ വീട്ടിൽ നിന്നും ഒടുവിൽ പടിയിറങ്ങേണ്ടി വന്നു.
കലി പൂണ്ട ഗൃഹനാഥൻ ഒരു ദിവസം ടിപ്പർ ലോറിയും വിളിച്ച് പുലർച്ചെ വീട്ടിലെത്തുകയും താൻ വാങ്ങിയിട്ട ഗൃഹോപകരണങ്ങളെല്ലാം ലോറിയിൽ കയറ്റുകയും ചെയ്തു.
ഇതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് യുവതിയുടെ ഫോൺ നിലത്ത് വീണ് നിശ്ചലമായത്.
ഭർത്താവ് വീട് വിട്ടയുടൻ യുവതി മൊബൈൽ ഫോൺ തൊട്ടടുത്ത പ്രദേശത്തെ റിപ്പയറിംഗ് കടയിൽ നന്നാക്കാൻ നൽകുകയും ചെയ്തു.
മൊബൈൽ നന്നാക്കുന്നതിനിടയിലാണ് അതീവ രഹസ്യ സന്ദേശങ്ങൾ ടെക്നീഷ്യന്റെ ശ്രദ്ധയിൽ പെട്ടത്.
കോരിത്തരിപ്പിക്കുന്ന പൈങ്കിളി സന്ദേശങ്ങൾക്കൊപ്പം “അയാൾ പിണങ്ങി പോയി, പുലർച്ചെ രണ്ടിന് എത്തുക….. ഞാൻ കാത്തിരിക്കും….’
ദിവസവും സമയവും ഒപ്പം ലൗ ചിഹ്നവും രേഖപ്പെടുത്തിയ ഈ മെസേജ് ടെക്നീഷ്യന്റെ പ്രത്യേക ശ്രദ്ധയിൽ പെടുകയും ചെയ്തു.
യുവതിയും ഭർത്താവും തമ്മിലുള്ള വിഷയം അറിയാവുന്ന ടെക്നീഷ്യൻ വിവരം നാട്ടുകാർക്ക് കൈമാറി.
പുലർച്ചെ കൃത്യം രണ്ടിന് ബൈക്കിലെത്തിയ കള്ളക്കാമുകനെ നാട്ടുകാർ കൈയോടെ പിടികൂടി.
വെറുതെയായില്ല സംശയം
അതു വരെ സുന്ദരിയായ ഭാര്യയെ ഗൃഹനാഥൻ വെറുതെ സംശയിക്കുന്നുവെന്നായിരുന്നു നാട്ടുകാരും കരുതിയിരുന്നത്.
കൈയിൽ കിട്ടിയ കള്ളക്കാമുകനെ നാട്ടുകാർ നന്നായി തന്നെ കൈകാര്യം ചെയ്ത ശേഷം പോലീസിനെ ഏൽപ്പിച്ചു.
കയ്യിൽ കിട്ടിയ കള്ളക്കാമുകനേയും കൊണ്ട് പോലീസും നട്ടം തിരിഞ്ഞു. ഉഭയകക്ഷി സമ്മത പ്രകാരം എത്തിയ യുവ കോമളനെ ഒടുവിൽ താക്കീത് നൽകി പോലീസിന് വിട്ടയയ്ക്കേണ്ടി വന്നു.