ഉപ്പുതറ: ഓഫീസ് സമയം അവസാനിക്കുന്നതിനു വളരെ മുന്പേ സ്ഥിരമായി ഓഫീസ് വിട്ടിറങ്ങി പോകുന്ന ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തംഗം തടഞ്ഞു.
ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദിനെയാണ് ഉപ്പുതറ പഞ്ചായത്ത് ഒന്നാം വാർഡ് മെന്പർ ഫ്രാൻസിസ് ദേവസ്യ തടഞ്ഞത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 330 ഓടെയാണ് സംഭവം ഉണ്ടായത്. വീട്ടിലേക്ക് പോകാനായി ബാഗുമായി ഇറങ്ങിയ സെക്രട്ടറിയെ പഞ്ചായത്ത് അംഗം തടയുകയും ഓഫീസ് സമയത്ത് പോകാൻ പാടില്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, മെന്പർ മെന്പറിന്റെ പണി ചെയ്യ്, ഞാൻ എന്റെ പണി ചെയ്തോളാം എന്നുപറഞ്ഞ് സെക്രട്ടറി പഞ്ചായത്ത് അംഗത്തെ തള്ളിമാറ്റുകയും പഞ്ചായത്ത് വിട്ടു പോവുകയും ചെയ്തു.
പഞ്ചായത്ത് ഭരണസമിതി സെക്രട്ടറി സ്ഥിരമായി താമസിച്ച് ഓഫീസിൽ വരുന്നതും നേരത്തെ പോകുന്നതും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാവിലെയും വൈകുന്നേരവും എന്നും ഫീൽഡിൽ പോകണമെന്നാണ് മറുപടി നൽകിയത്.
തുടർച്ചയായി രാവിലെ 11.30ന് ഓഫീസിലെത്തുകയും ഉച്ചകഴിഞ്ഞ് 3.30ന് ഓഫീസ് വിടുന്നതുമാണ് സെകട്ടറിയുടെ പതിവെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
ഇന്നലെ ഉച്ചയോടെ പശുപ്പാറ സ്വദേശി മണ്ഡപത്തിൽ അഭി അച്ചൻകുഞ്ഞിന്റെയും ഭാര്യ സാന്ദ്രയുടെയും വിവാഹ സർട്ടിഫിക്കറ്റിനായി സെക്രട്ടറിയെ സമീപിച്ചു.
എന്നാൽ സ്ഥലം രേഖപ്പെടുത്തുന്ന സ്ഥാനത്ത് പള്ളിയുടെ കൂടെ പേര് രേഖപ്പെടുത്തണമെന്നു പറഞ്ഞ് ഇവരെ തിരിച്ചയച്ചു.
എറണാകുളത്താണ് ഞങ്ങൾ താമസിക്കുന്നതെന്നറിയിച്ചപ്പോൾ ഇന്ന് ഓഫീസ് സമയത്ത് എത്തിയാൽ സർട്ടിഫിക്കറ്റു നൽകാമെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചയത്.
ഇതിനു പിന്നാലെ സെക്രട്ടറി ഓഫീസ് വിട്ടിറങ്ങി. ഇത് ശ്രദ്ധയിൽ പ്പെട്ടതോടെയാണ് പഞ്ചായത്തംഗം സെക്രട്ടറിയെ തടഞ്ഞത്.
സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഫ്രാൻസിസ് ദേവസ്യ.