ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: കായൽ ടൂറിസത്തിന് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ള ജലഗതാഗത വകുപ്പിന് അഭിമാനിക്കാൻ പുതിയ സംരംഭം കൂടി. കായൽ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജലഗതാഗത വകുപ്പ് രണ്ട് ടൂറിസം കം പാസഞ്ചർ ബോട്ടുകൾ നിർമ്മിക്കുന്നു.
ആലപ്പുഴയിൽ നിന്നും കുട്ടനാട്, കൊല്ലം ജില്ലയിലെ അഷ്ടമുടി എന്നിവിടങ്ങളിൽ സർവ്വീസ് നടത്താനാണ് ഇരുനില ബോട്ടുകൾ നിർമിക്കുന്നത്. ആലപ്പുഴ ബോട്ടുജെട്ടിയിൽ നിന്നും കുട്ടനാടൻ കാഴ്ച കാണാനൊരുക്കിയിരിക്കുന്ന ‘സീകുട്ടനാട് ’ സർവീസിനാണിത് പ്രധാനമായും ഉപയോഗിക്കുന്നത്.
ചേർത്തല പാണാവള്ളിയിലെ സെഞ്ച്വറി യാഡിൽ രണ്ടുബോട്ടുകളുടെയും നിർമാണം അന്തിമഘട്ടത്തിലാണ്.മൂന്നുമാസത്തിനകം രണ്ടുബോട്ടുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു.
90 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഇരുനില ബോട്ടാണ് നിർമിക്കുന്നത്.ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ബോട്ടുജെട്ടിയിൽ നിന്നും കുട്ടനാടിന്റെ ഇടത്തോടുകളിലൂടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനു മുൻപ് ആരംഭിച്ച സീ കുട്ടനാട് വലിയ നേട്ടമായിരുന്നു.
ഇതേത്തുടർന്നാണ് ഇതേ മാതൃകയിൽ കൊല്ലം ജില്ലയിൽ അഷ്ടമുടി കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനുവേണ്ടി സീ അഷ്ടമുടി’ എന്ന പേരിൽ സർവീസ് ആരംഭിക്കുന്നത്.മൂന്നുമാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊല്ലം ബോട്ടുജെട്ടിയിൽ നിന്നു രാവിലെ 11 ന് പുറപ്പെട്ട് 4.30 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്.
കാവനാട്, പെരിങ്ങാലം, പേഴുംതുരുത്ത്, മണ്റോത്തുരുത്ത് പ്രദേശങ്ങളിലൂടെ യാത്രചെയ്ത് വൈകിട്ട് 4.30 ഓടെ തിരിച്ചെത്തും. കുടുംബശ്രീയുടെ സഹകരണത്തോടെ ബോട്ടിൽ ഭക്ഷണം നൽകാനും പദ്ധതി തയ്യാറാക്കുന്നുണ്ട്.