കണ്ണൂര്: സീഡ് സൊസൈറ്റി തലവന് മൂവാറ്റുപുഴയില് അറസ്റ്റിലായതോടെ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും നല്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ ചുരളുകളഴിയുമ്പോള് മാത്തില് പ്രദേശത്ത് തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അതേസമയം, നാട്ടില് അരങ്ങേറിയ തട്ടിപ്പിനെപ്പറ്റി പാര്ട്ടിതലങ്ങളില് ചര്ച്ച നടന്നിട്ടും സിപിഎം മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റെ സൊസൈറ്റിയുടെ പേരില് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില് നിന്നായി ഒന്പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില് നാഷണല് എന്ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്ഡിനേറ്റര് എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര വീട്ടില് അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരില് സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള് ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്. പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്, ലാപ്ടോപ്, തയ്യല് മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്.
സീഡ് സൊസൈറ്റിയുടെ പേരില് അരങ്ങേറിയ തട്ടിപ്പിനെതിരെ മാത്തില് പ്രദേശത്ത് ഡിവൈഎഫ്ഐ പോസ്റ്റര് പ്രചരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സീഡ് സൊസൈറ്റിയുടെ മറവില് പകുതിവിലക്കൊള്ളയില് പണം നഷ്ടപ്പെട്ടവര്ക്ക് പണം തിരികെ നല്കുക, സീഡ് സൊസൈറ്റി കൊള്ളയടിച്ചത് ആരുടെ കോടികള്? പകുതിവിലയ്ക്ക് വാഹനം കിട്ടില്ല. വഞ്ചിതരായി പാവപ്പെട്ടവര്. 400 കോടിയുടെ തട്ടിപ്പ്.
ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള് ഇനിയും സമീപിക്കാം. ജാഗ്രത പാലിക്കുക എന്നിവയാണ് പോസ്റ്ററിലുള്ളത്. ഇത്തരത്തില് മാത്തിലില് തട്ടിപ്പ് നടക്കുന്നതായുള്ള വാര്ത്ത മാസങ്ങള്ക്ക് മുമ്പ് രാഷ്ട്രീപിക പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഈ വിഷയമുന്നയിച്ച രണ്ടുപാര്ട്ടിയംഗങ്ങള്ക്കെതിരേ കുപ്രചാരണവും നടന്നിരുന്നു. സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റിക്ക് കീഴിലെ കമ്മിറ്റികളില് മാത്തിലിലും പരിസരങ്ങളിലും സഹകരണ സ്ഥാപനങ്ങള്ക്ക് വെല്ലുവിളിയായി മാറിയ സീഡ് സൊസൈറ്റിയുടെ പ്രവര്ത്തനം ചര്ച്ചയായിരുന്നു.
സിപിഎം പ്രവർത്തകരെ കൂട്ടുപിടിച്ചും അവരുടെ ഒത്താശയോടെയുമാണ് സീഡ് സൊസൈറ്റിയുടെ പേരില് തട്ടിപ്പ് നടന്നിരുന്നത്. ലോക്കല് കമ്മിറ്റിയംഗവും സഹകരണ ജീവനക്കാരന്റെ ഭാര്യയും അവരുടെ സഹോദരനും സഹോദര ഭാര്യയുമൊക്കെ ഡയറക്ടര്മാരായ സീഡ് സൊസൈറ്റിയുടെ വളര്ച്ചയ്ക്ക് കളമൊരുക്കിയത് പ്രദേശത്തെ പാര്ട്ടി നേതൃത്വമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഐക്യ നാണയനിധി പ്രസ്ഥാനം മുതല് സഹകരണ സ്ഥാപനങ്ങളുടെ ഈറ്റില്ലമായി മാറിയ നാട്ടില് ഇത്തരം തട്ടിപ്പ് സംഘങ്ങള് പാവപ്പെട്ടവരുടെ ലക്ഷങ്ങള് അടിച്ചുമാറ്റിയിട്ടും സിപിഎം തുടരുന്ന മൗനം ചര്ച്ചയായിട്ടുണ്ട്. പ്രദേശത്തെ വ്യാപാരികളും സീഡ് സൊസൈറ്റിക്കെതിരെ രംഗത്തുവന്നിരുന്നു. ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഇതുസംബന്ധിച്ച പരാതികളെത്തിയതിനെ തുടര്ന്ന് പാര്ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
ലോക്കല് കമ്മിറ്റിയംഗത്തിന് പങ്കുണ്ടെന്നും ഇയാള്ക്കെതിരേ നടപടി വേണമെന്നും അന്വേഷണ കമ്മിഷന് റിപ്പോര്ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോര്ട്ട് പൂഴ്ത്തി വച്ച് നടപടി താക്കീതില് ഒരുക്കി എല്സി അംഗത്തെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. പാര്ട്ടിയില് തുടരണമെങ്കില് സീഡ് സൊസൈറ്റിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഈ നേതാവ് തയാറായിട്ടില്ലെന്നുമാണ് വിവരം. അറുപതോളം പേരില് നിന്നായി ലക്ഷങ്ങളാണ് തട്ടിപ്പുകാരുടെ പോക്കറ്റുകളിലേക്ക് പോയത്.
നിയമ നടപടികള് നേരിടുന്ന ഹൈറിച്ചിലേക്കും ഈ പ്രദേശത്തുനിന്നുമൊഴുകിയത് കോടികളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സീഡ് സൊസൈറ്റി തലവന്കോടികളുടെ തട്ടിപ്പിന് അറസ്റ്റിലാവുകയും മോഹന വാഗ്ദാനങ്ങളില് കുടുങ്ങി സീഡ് സൊസൈറ്റിയില് പണമടച്ചവര് അങ്കലാപ്പിലാവുകയും സിപിഎം മൗനം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തട്ടിപ്പു സൊസൈറ്റിക്കെതിരേ ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.