ഉത്തർപ്രദേശിലെ ഒാറിയ്യയിൽ ദരിദ്ര താക്കൂർ കുടുംബത്തിലാണ് സീമ പരിഹാർ ജനിച്ചത്. 1970 ജനുവരി ഒന്നിന് ജനനം. പതിമൂന്നാം വയസിൽ ഒാറിയയിൽനിന്ന് ലാലറാം എന്ന കൊള്ളക്കാരൻ സീമയെ തട്ടിക്കൊണ്ടുപോയതോടെയാണു സീമ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള സഞ്ചാരം തുടങ്ങുന്നത്.
ആ സമയം അവൾ സ്കൂളിൽ പഠിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം പത്തു ദിവസത്തോളം സീമയെ ലാലറാമും സംഘവും തടവിലാക്കി. ഈ സമയം ലാലറാമും സംഘവും അവളെ ക്രൂരമായി മാനഭംഗപ്പെടുത്തി.
എങ്ങനെയും രക്ഷപ്പെട്ടു വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം സീമയിൽ കലശലായി. എന്നാൽ, തങ്ങളുടെ അനുവാദമില്ലാതെ വീട്ടിലേക്കു മടങ്ങിയാൽ കൊന്നു കളയുമെന്നു ലാലറാം ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു മുന്പിൽ കൊച്ചു സീമ പതറിപ്പോയി. അവിടെനിന്നു രക്ഷപ്പെടാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു.
ദിവസങ്ങൾ പിന്നിട്ടപ്പോൾ ലാലറാമിന്റെയും കൊള്ളക്കാരുടെയും പ്രവർത്തനങ്ങളെ സീമ ആശ്ചര്യത്തോടെ നോക്കിക്കണ്ടു. ആദ്യമൊക്കെ ഒട്ടും പൊരുത്തപ്പെടാനാവാതെ വന്ന അവളുടെ മനസിൽ പതുക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തനിക്കും എന്തുകൊണ്ട് ഇവരോടൊപ്പം ചേർന്നു പ്രവർത്തിച്ചുകൂടാ എന്നതായി ചിന്ത. സീമയുടെ മനംമാറ്റം ലാലറാമിനെയും സന്തോഷവാനാക്കി.
സീമയെയും തങ്ങളുടെ ഗ്രൂപ്പിൽ ചേർക്കുന്നതായി ലാലറാം പ്രഖ്യാപിച്ചു. 1986ൽ അവൾ നിർഭയ് സിംഗ് ഗുജ്ജർ എന്ന കൊള്ളക്കാരുടെ നേതാവിനെ വിവാഹം കഴിച്ചു. പിന്നീട് ഈ ബന്ധം തകരുകയും ലാലറാമിനോടൊപ്പം അവൾ ജീവിതം തുടങ്ങുകയും ചെയ്തു.
ഞെട്ടിക്കുന്ന വിളയാട്ടം
ലാലറാമിനൊപ്പമുള്ള ജീവിതം അവളെ തികഞ്ഞൊരു കൊള്ളക്കാരിക്കായാക്കി മാറ്റി. അസാമാന്യ ധൈര്യവും സംഘാടക ശേഷിയും അവൾ പ്രകടിപ്പിച്ചു.
ആയുധങ്ങളെ അവൾ പ്രണയിച്ചു. പരിഹാർ കൊള്ളക്കാരുടെ നേതാവായി അവൾ വാഴ്ത്തപ്പെട്ടു. പിന്നീടങ്ങോട്ട് കുറ്റകൃത്യങ്ങളുടെ ലോകത്ത് അവൾ നിറഞ്ഞാടി.
70 കൊലപാതകങ്ങൾ സീമയും സംഘവും നടത്തിയതായിട്ടാണ് രേഖകളിലുള്ളത്. 200 പേരെയോളം തട്ടിക്കൊണ്ടുപോയി. 30 വീടുകൾ കൊള്ളയടിച്ചു. ഏതാണ്ട് 18 വർഷത്തോളം ക്രിമിനൽ ലോകത്തു സീമ നിറ സാന്നിധ്യമായി നിലകൊണ്ടു.
മടുത്തപ്പോൾ
കുറ്റകൃത്യങ്ങളുടെ ലോകം കുറെക്കാലം കഴിഞ്ഞപ്പോൾ ഫൂലൻ ദേവിയെപ്പോലെ സീമയ്ക്കും മടുപ്പായി. ക്രിമിനൽ ലോകത്തുനിന്നു മാറിയുള്ള ജീവിതത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. വൈകാതെ അവൾ കീഴടങ്ങാൻ തീരുമാനിച്ചു.
2000ൽ ഉത്തർപ്രദേശ് പോലീസിനു മുന്നിൽ സീമ കീഴടങ്ങി. പിന്നീട് എട്ടു കൊലപാതകമുൾപ്പെടെ 29 കേസുകൾ സീമയുടെ മേൽ ചുമത്തി ഉത്തർപ്രദേശ് പോലീസ് അവളെ ജയിലിലാക്കി.
ജയിലിൽ കിടന്നുകൊണ്ടുതന്നെ ഫൂലനെപ്പോലെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനും ജനപ്രതിനിധിയാകാനും സീമ ആഗ്രഹിച്ചു.
ഫൂലനെപ്പോലെ തന്നെ ചന്പൽക്കാടുകൾക്കു സമീപമുള്ള ഗ്രാമവാസികൾക്കു സീമയെ വലിയ കാര്യമായിരുന്നു. സീമയുടെ ജനസമ്മതി മനസിലാക്കിയ രാഷ്ട്രീയ പാർട്ടിക്കാർ സീമയെ തങ്ങളുടെ പാർട്ടിയിൽ ചേർക്കാൻ മത്സരിക്കുന്നതാണ് പിന്നെ കണ്ടത്.
2002ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീമ ശിവസേനയെ പിന്തുണച്ചു. പിന്നീട് ഇന്ത്യൻ ജസ്റ്റീസ് പാർട്ടിയിൽ ചേർന്നു. 2004ൽ മിർസാപൂർ- ഭാദോഹി മണ്ഡലത്തിൽനിന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
വെറും 824 വോട്ടുകൾക്കു തോറ്റുപോയി. 2008 ജനുവരി 10ന് അവർ ലോക് ജനശക്തി പാർട്ടിയിൽ ചേർന്നു. വെറും 10 മാസത്തിനു ശേഷം സീമ സമാജ് വാദി പാർട്ടിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയും എസ്പി നേതാവുമായ മുലായം സിംഗ് യാദവ് സീമയ്ക്ക് അംഗത്വം നൽകി.
പക്ഷേ, ഇപ്പോൾ സീമ രാഷ്ട്രീയത്തിൽനിന്നെല്ലാം അകന്നു കഴിയുന്നു. പഴയ ചെയ്തികൾക്കു പരിഹാരമെന്നോണം പ്രകൃതി സംരക്ഷണമുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
സിനിമയിലും നായിക
സീമ പരിഹാറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രത്തിൽ സീമ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
2008 ഒക്ടോബറിൽ സീമയ്ക്കെതിരേ ചുമത്തിയ 29 കേസുകളിൽ 15 എണ്ണത്തിൽ സീമ കുറ്റവിമുക്തയായി. ബാക്കിയുള്ള 14 കേസുകളിൽ അവർ ജാമ്യം നേടി പുറത്തിറങ്ങി.
2011ൽ അഴിമതി വിരുദ്ധ സംഘടനയായ ദേശീയ അഴിമതി നിർമാർജന കൗൺസിലിന്റെ വനിതാ വിഭാഗത്തിന്റെ തലവനായി സീമ പരിഹാർ നിയമിതയായി. കുറച്ചുകാലം അണ്ണാ ഹസാരെയോടൊപ്പവും പ്രവർത്തിച്ചു. സമാധാനത്തിന്റെ വഴി തെരഞ്ഞെടുത്ത സീമ ഇപ്പോൾ പുതിയ ജീവിതത്തിന്റെ വഴിയിൽ മുന്നോട്ട്.