അർബുദത്തോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് നടി ശരണ്യ. വിഷമഘട്ടത്തിൽ അവർക്ക് താങ്ങും തണലുമായിരുന്നത് നടി സീമ ജി. നായർ ആയിരുന്നു.
ഇപ്പോൾ ശരണ്യയുടെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയയ്ക്കു ശേഷം വിവരങ്ങൾ ആരാധകരോടു പങ്കുവയ്ക്കുകയാണ് സീമ ജി. നായർ.
ശസ്ത്രക്രിയ വിജയമായിരുന്നുവെന്ന് അറിയിച്ച നടി ക്ഷേമാന്വേഷണങ്ങൾ നടത്തുന്ന എല്ലാവർക്കും നന്ദിയും അറിയിച്ചു.
“ശരണ്യക്ക് മാര്‍ച്ച് 29നാണ് സര്‍ജറിക്ക് ഹോസ്പിറ്റല്‍ അഡ്മിഷന് നിശ്ചയിച്ചത്. പക്ഷേ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
പെട്ടെന്നാണ് അവള്‍ക്ക് വീണ്ടും സുഖമില്ലാതായത്. അല്പം സീരിയസായതോടെ സര്‍ജറി പെട്ടെന്നു വേണ്ടി വരികയായിരുന്നു.
സര്‍ജറി വിജയമാണെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സര്‍ജറി നടന്നത്.
ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന് പേരോടു തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.’- സീമ ജി. നായർ കുറിച്ചു.