സുകുമാരിയമ്മയോട് എനിക്ക് കുറച്ചുകൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയിൽനിന്നു കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവർക്കും കൊടുക്കും.
കിട്ടുന്ന പൈസയിൽ പാതിയും ഓരോ സാധനങ്ങൾ മേടിച്ച് ആൾക്കാർക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നിൽക്കുകയാണ്. വസ്ത്രം മാറണം. കടലിന് അടുത്തുള്ള അംഗൻവാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്.
ഡ്രസ് മാറ്റാൻ ഒരു മാർഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കൺഫ്യൂഷൻ. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാൻ പറഞ്ഞു.
കെട്ടിടത്തിന്റെ മൂലയിലേക്ക് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവിൽ എങ്ങനെ ഡ്രസ് മാറും. ഈ രണ്ട് കൈയിലും മുണ്ട് നീട്ടിപ്പിടിച്ച് ഞാനല്ലേ പറയുന്നത്, മാറിക്കോളാൻ പറഞ്ഞു.
ഞാൻ ഡ്രസ് മാറിയ ശേഷം നീ മുണ്ട് ഇങ്ങനെ പിടിക്കെന്ന് പറഞ്ഞു. അമ്മയും വസ്ത്രം മാറി. സുകുമാരിയമ്മ ആയിരത്തോളം പടങ്ങളിൽ അഭിനയിച്ച ഗ്രേറ്റ് ആർട്ടിസ്റ്റാണ്. ആ അമ്മയാണ് ഒന്നും വിഷമിക്കേണ്ടെന്ന് വന്ന് പറഞ്ഞത്.
ഞാൻ ഇന്നലെ വന്ന ചെറിയൊരു ആർട്ടിസ്റ്റാണ്. ഇന്ന് കാരവാനില്ലെങ്കിൽ ഡ്രസ് മാറ്റാൻ ചിലർക്കു പറ്റില്ല. എല്ലാ സൗകര്യങ്ങൾ കൊടുത്താൽ പോലും പ്രശ്നമാണ്. -സീമ ജി നായർ