എന്റെ പ്രവർത്തന മേഖല കഴിഞ്ഞ 15 വർഷമായിട്ട് ചാരിറ്റി ആയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ വന്നിട്ട് ഒരിക്കൽ പോലും ഇതിന്റെ പേരിൽ ഡയലോഗ് അടിച്ച് പോകാൻ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.
ശരണ്യയുടെ ഒപ്പം ഞാൻ ഒന്പതു വർഷം ഉണ്ടായിരുന്നു. അത്രയും നാൾ ഒപ്പം നിന്നിട്ടും സോഷ്യൽ മീഡിയയിലൂടെ ഞാൻ അതൊന്നും പറഞ്ഞിരുന്നില്ല.
ശരണ്യയുടെ കാര്യങ്ങളിലൂടെയാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെട്ടത്. അവസാന നിമിഷം വല്ലാത്തൊരു സ്റ്റേജിൽ എത്തിപ്പെട്ടപ്പോഴാണ് അവൾക്ക് വേണ്ടി ഞാൻ സോഷ്യൽ മീഡിയയിലൂടെ കൈനീട്ടിയത്.
അപ്പോഴാണ് പലരും അറിഞ്ഞത് ഇങ്ങനെയൊരാൾ ഉണ്ട്. അവർ ഇങ്ങനെ പലതും ചെയ്തിട്ടുണ്ടെന്ന്. അമ്മയായിരുന്നു ഈ മേഖലയിലേക്ക് വരാൻ എനിക്ക് പ്രേരണയായത്.
അമ്മ നാടക നടിയായിരുന്നു. തുച്ഛമായ വരുമാനമേ കിട്ടിയിരുന്നുള്ളൂ. എന്നിട്ടും കടം വാങ്ങി അമ്മ നാട്ടുകാരെ സഹായിക്കുമായിരുന്നു.
എത്രത്തോളം ആളുകളെ സഹായിക്കാൻ പറ്റുമോ അത്രത്തോളം സഹായിക്കണം എന്ന ലക്ഷ്യം മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. -സീമ ജി. നായർ