നടി ശരണ്യയുടെ ചികിത്സയ്ക്കായി സഹായമഭ്യര്‍ഥിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാല്‍ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാല്‍ പ്രതികരണം ഞങ്ങളെ ഞെട്ടിച്ചു. വിഡിയോ കണ്ട് ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും നടി സീമ ജി നായര്‍ വ്യക്തമാക്കി. വീഡിയോ ജനങ്ങളിലെത്തിച്ച മാധ്യമങ്ങളോടും സഹായഹസ്തം നീട്ടിയവരോടും സീമ നന്ദി പറഞ്ഞു.
ട്യൂമര്‍ ബാധിതയായ ശരണ്യ ഏഴാമത്തെ ഓപ്പറേഷന് വിധേയയാകുകയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശരണ്യയെ സഹായിക്കണമെന്നും ആവശ്യപ്പെട്ട സീമയുടെ അഭ്യര്‍ഥന വലിയ തോതില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ആദ്യ ഘട്ട ചികിത്സയ്ക്ക് സഹായിച്ചവരൊന്നും പിന്നീട് സഹായിച്ചില്ലെന്നും മുഖം ചുളിച്ചെന്നും അന്നത്തെ വീഡിയോയില്‍ സീമ പറഞ്ഞിരുന്നു.’മുംബൈ, അമേരിക്ക, ഒമാന്‍ എന്നിങ്ങനെ പല നാടുകളില്‍ നിന്നെല്ലാം സഹായ ഹസ്തങ്ങളെത്തുന്നുണ്ട്. സീരിയല്‍ സിനിമാ രംഗത്ത് നിന്നും ചിലര്‍ വിളിക്കുകയും സഹായം ചെയ്യാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്.’സീമ പറഞ്ഞു.
‘ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണമായും തളര്‍ന്നു പോയ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി തിരിച്ചു കിട്ടി. തുടര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും രോഗം ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ലെന്നും സീമ ജി നായര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.
ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ വാടക വീടുകള്‍ മാറി മാറി കഴിയുന്ന ശരണ്യക്ക് ഒരു കൊച്ചു വീട് കൂടി വേണമെന്നും അതു തന്റെ സ്വപ്നം ആണെന്നും സീമ പറയുന്നു. രോഗബാധിതയായ കുട്ടിയെയും കൊണ്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു സീമ. അതിനാല്‍ തന്നെ തുടര്‍ ചികിത്സയ്ക്കൊപ്പം ശരണ്യയ്ക്ക് കയറിക്കിടക്കാന്‍ ഒരു തണലുണ്ടാവേണ്ടത് അനിവാര്യമാണെന്നും അതിനും നല്ല മനസ്സുകള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സീമ പറയുന്നു.