പാക്കിസ്ഥാന് വനിത സീമ ഹൈദറിന്റെയും ഇന്ത്യന്‍ പൗരന് സച്ചിന് മീണയുടെയും പ്രണയം രാജ്യമാകെ ചര്‍ച്ചയായ വിഷയമാണ്.
ഏറെ നിയമനടപടികള്‍ക്കൊടുവില്‍ ഇരുവരും ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ഇപ്പോഴിതാ സച്ചിനെ പരിഹസിച്ച അയല്‍വാസിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് സീമ ഹൈദര്‍.
അയല്‍വാസിയായ യുവതിക്കെതിരേയാണ് സച്ചിനെ പരിഹസിച്ച സംഭവത്തില്‍ മാനനഷ്ടക്കേസ് നല്കാന് സീമ ഒരുങ്ങുന്നത്.
മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
നിറത്തിന്റെയും ശാരീരിക അവസ്ഥകളുടേയും പേരില്‍ ആളുകളെ പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല.
വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്താണ് നാമുള്ളതെന്നും സീമ ഹൈദറുടെ അഭിഭാഷകന് എ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് കാമുകനെ തേടി സീമാ ഹൈദര്‍ ഇന്ത്യയിലെത്തിയത്.
ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന സച്ചിന് മീണ സീമയെ പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും 2019ലാണ്.
ഓണ്‍ലൈന്‍ ഗെയിം പബ്ജിയിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് സച്ചിനൊപ്പം കഴിയാനായി കഴിഞ്ഞ മെയ് 13ന് നേപ്പാള്‍ വഴി ബസില്‍ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു സീമ.
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തില്‍ വച്ച് താന്‍ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ വെളിപ്പെടുത്തിയിരുന്നു.
സച്ചിന് മീണയുമായി താന്‍ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും നേരത്തെ രാഷ്ട്രപതിക്ക് നല്കിയ ഹര്‍ജിയില്‍ സീമാ ഹൈദര്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ സീമയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സീമയും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.