കാമുകനെത്തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദര്‍ അറസ്റ്റ് ഭയന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നോയിഡ പോലീസ്.
തിങ്കളാഴ്ച അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ ഇവര്‍ ഡല്‍ഹിയിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനു ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
2019ല്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിന് മീണയെ സീമ പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മെയില്‍ നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്.
ഡല്‍ഹിയിലേക്ക് ബസ് മാര്‍ഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിന് കൂട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിന് താന്‍ സീമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പോലീസിനു മൊഴി നല്കി.
ഇന്ത്യന്‍ ജീവിതരീതി പിന്തുടരാമെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങള്‍ക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവര്‍ സമീപിച്ചു.
എന്നാല്‍ ഇന്ത്യന്‍ പൗരയല്ലാത്തതിനാല്‍ വിവാഹം നടത്തുന്നതില്‍ നിയമതടസ്സമുണ്ടെന്നു കോടതി ഇവരെ അറിയിച്ചു.
അഭിഭാഷകന് പോലീസിനെ അറിയിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന സീമ കുട്ടികളെയും കൂട്ടി വീടുവിട്ടു.
എന്നാല്‍ ഡല്ഹിയിലെത്താനായില്ലെന്നും അതിനുമുമ്പ് പോലീസ് അറസ്റ്റു ചെയ്തെന്നും സീമ പറഞ്ഞു.
അനധികൃതമായി ഇന്ത്യയിലേക്കു കടന്നവരെ വീട്ടില്താമസിപ്പിച്ച കുറ്റത്തിന് സച്ചിന് ജയിലിലാണ്.
ഇവര്‍ക്ക് മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കാനായി സച്ചിന്റെ തകര്‍ന്ന ഫോണില്‍നിന്ന് ഡേറ്റ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.