ന്യൂഡൽഹി: ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിൽ ഒന്നായ വനിതാ ഡിസ്കസ് ത്രോ താരം സീമ പുനിയ നിലവിൽ എവിടയെന്നു വ്യക്തമായ റിപ്പോർട്ടില്ലാതെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ).
സീമ എവിടെയാണെന്നതു സംബന്ധിച്ച് എഎഫ്ഐക്ക് യാതൊരു വിവരവുമില്ലെന്നാണ് സൂചന. സീമ ഇതുവരെ ഓസ്ട്രേലിയയിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. എവിടെയാണ് താരം പരിശീലനം നടത്തുന്നതെന്നോ ഇതുവരെ ഓസ്ട്രേലിയയിൽ എത്തിച്ചേരാത്തത് എന്തുകൊണ്ടെന്നോ അറിയാത്ത അവസ്ഥയിലാണ് എഎഫ്ഐ.
24 ഇന്ത്യൻ അത്ലറ്റുകൾ രണ്ട് ബാച്ച് ആയി ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ശേഷിക്കുന്ന ആറ് അത്ലറ്റുകൾകൂടി വേഗം ഓസ്ട്രേലിയയിലേക്ക് തിരിക്കും. മുഖ്യപരിശീലകൻ ബഹദൂർ സിംഗ് ആണ് സീമയെ കാണാത്ത വിവരം പുറത്തുവിട്ടത്. സീമ പുനിയ എവിടെയാണെന്ന് ഒരു വിവരവുമില്ല. സീമ പട്യാലയിലെ പരിശീലന കേന്ദ്രത്തിൽ ഇല്ല, ഓസ്ട്രേലിയയിലെത്തിയിട്ടുമില്ല- ബഹദൂർ സിംഗ് പറഞ്ഞു.
അതേസമയം, സീമയ്ക്ക് സ്വയം പരിശീലനം നടത്താനുള്ള അനുമതി നല്‍കിയിട്ടില്ലെന്ന് എഎഫ്ഐ സെക്രട്ടറി ജനറൽ സി.കെ. വൽസൻ പറഞ്ഞു. 2016 റിയോ ഒളിന്പിക്സിലും സീമ ഇന്ത്യൻ ക്യാന്പിനൊപ്പമായിരുന്നില്ല പരിശീലനം നടത്തിയത്. അന്ന് റഷ്യയിലായിരുന്നു പരിശീലനം.
എന്നാൽ, അവിടത്തെ പരിശീലനത്തിനുശേഷം ബ്രസീലിലെത്തിയ സീമയ്ക്ക് 20-ാം സ്ഥാനത്ത് എത്താനേ സാധിച്ചിരുന്നുള്ളൂ. ഏപ്രിൽ നാലു മുതൽ 15 വരെ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് 2018 കോമണ്‍വെൽത്ത് ഗെയിംസ് അരങ്ങേറുക.