കോടികളുടെ സ്വത്തും സൗകര്യങ്ങളും സ്വന്തമാക്കിയശേഷം ഭാര്യയെ ക്രൂരമായി മര്‍ദിച്ച, വിസ്മയ എന്ന പാവം പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരനായ കിരണ്‍ എന്നയാള്‍ ഇനി പുറംലോകം കാണരുത്.
നിയമപരമായി അര്‍ഹിക്കുന്ന വലിയ ശിക്ഷയാണ് അയാള്‍ക്കു നല്‍കേണ്ടത്.
ഈ പാവം പെണ്‍കുട്ടികള്‍ എന്തു പിഴച്ചു? വിസ്മയ ഓരോ തവണയും മൃഗീയമായി മര്‍ദനമേല്‍ക്കുമ്പോഴും ഭര്‍ത്താവിന്റെ കൂടെത്തന്നെ കഴിയാന്‍ അവള് നിര്‍ബന്ധിക്കപ്പെട്ടത് എന്തുകൊണ്ടാണ്?
ആര്‍ക്കുവേണ്ടിയാണ് ഇത്രമേല്‍ ആ കുട്ടി സഹിച്ചത്? ഇത്തരം ക്രൂരമര്‍ദനങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്നു കിരണ്‍ എന്ന ഭര്‍ത്താവ് എന്നതു ക്രിമിനല്‍ കുറ്റമായി കാണണം.
വലിയ സമ്പത്തും ആഡംബര സൗകര്യങ്ങളും സ്ത്രീധനമായി നല്കുന്ന മാതാപിതാക്കള്‍ പുനര്‍വിചിന്തനം നടത്തണം.
നൂറു പവനും 1.20 ഏക്കര്‍ ഭൂമിയും പത്തു ലക്ഷത്തിന്റെ യാരിസ് കാറുമൊക്കെ ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു സ്ത്രീധനമായി നല്‍കുന്നത് എന്തോര്‍ത്തിട്ടാണ്.
എന്തു സ്റ്റാറ്റസ് സംരക്ഷിക്കാനാണ് ഇട്ടുമൂടാനുള്ള സമ്പത്തു നല്കി വലിയ സ്ത്രീധന വലിപ്പം കാണിക്കുന്നത്? വിസ്മയയുടെ മാതാപിതാക്കളുടെ സങ്കടത്തോടു ചേര്ന്നുനില്ക്കുന്നു.
സീമ ജി. നായര്‍ (സിനിമ, സീരിയല്‍ നടി)