ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മേൽക്കോയ്മയുള്ള എറണാകുളം സീറ്റ് പിടിച്ചെടുക്കാൻ അവസാനനിമിഷം സെലിബ്രറ്റികളെ ഇറക്കി ഞെട്ടിക്കാൻ സിപിഎം ഒരുങ്ങുന്നു. സിനിമാതാരങ്ങളായ മമ്മൂട്ടിയെ ലക്ഷ്യം വച്ചു കൊണ്ടു ചർച്ചകൾ ആരംഭിച്ചെങ്കിലും അദ്ദേഹം പിൻമാറിയതോടെ അവസാനം ഇന്നസെന്റിനെ പരിഗണിക്കാനാണ് ആലോചിക്കുന്നത്. ചാലക്കുടി എംപിയായ ഇന്നസെന്റ് മത്സരരംഗത്തേക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും എറണാകുളത്തേക്കു പരിഗണിച്ചാൽ വീണ്ടും കാണുമെന്ന സൂചന നൽകി കഴിഞ്ഞു. മത്സരരംഗത്തു നിന്നും മാറി നിൽക്കണമെന്നാണ് ഇന്നസെന്റ് ആഗ്രഹിക്കുന്നത്.
എന്നാൽ, പി. രാജീവിനെ ചാലക്കുടിയിലും ഇന്നസെന്റിനെ എറണാകുളത്തു മത്സരിപ്പിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇതു സംബന്ധിച്ചു പാർട്ടി ഘടകകളിൽ ചർച്ചയും നടന്നു. മത്സരരംഗത്തില്ലെന്നു ഇന്നസെന്റ് അറിയിച്ചതിനുശേഷമാണ് വീണ്ടും പാർട്ടി ശക്തമായ സമർദ്ദവുമായി രംഗത്ത് വന്നത്. ഇതിനെ തുടർന്നുഎറണാകുളം ലഭിച്ചാൽ മത്സരിക്കാമെന്ന സൂചനയും നൽകിയതായി അറിയുന്നു. ഇതിനിടയിൽ സ്ത്രീകൾക്കു സീറ്റുകൾ നൽകുന്നതിന്റെ ഭാഗമായി ബ്രീട്ടോയുടെ ഭാര്യ സീനബ്രീട്ടോയെ പരിഗണിക്കുന്ന കാര്യവും പാർട്ടി ആലോചിക്കുന്നു.
വർഷങ്ങളായി എറണാകുളത്ത് താമസിക്കുന്ന സീനക്ക് വലിയൊരു സൗഹൃദവലയം തന്നെയുണ്ട്. എസ്എഫ്ഐ നേതാവായിരിക്കെ 1983 ൽ എതിരാളികളുടെ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് അരയ്ക്കു താഴെ തളർന്ന സൈമണ്‍ ബ്രിട്ടോയും സീനയും വിവാഹിതരാകുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിച്ചിരുന്ന ബ്രിട്ടോ, എറണാകുളത്തെ സാംസ്കാരിക സദസുകളിലും നിറ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ഡിസംബർ 31 നാണ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. ഇരുവർക്കുമുള്ള സൗഹൃദവും സമൂഹത്തിലെ സ്വീകാര്യതയും ബ്രിട്ടോയോടുള്ള സഹതാപ തരംഗവും വോട്ടാക്കി മാറ്റാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
67ൽ വി.വി.മേനോൻ മാത്രമാണ് സിപിഎം പാർട്ടിചിഹ്നത്തിൽ മത്സരിച്ചുവിജയിച്ചത്. പിന്നീട് പാർട്ടിക്കാർ ആരും വിജയിച്ചിട്ടില്ല. ഇടതുപക്ഷ സ്വതന്ത്രരെയാണ് പിന്നീട് സിപിഎം മത്സരിപ്പിച്ചിട്ടുള്ളൂ. യുഡിഫിന്റെ കുത്തക സീറ്റാണ് എറണാകുളം. ഇവിടെ സ്വതന്ത്യനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ മാത്രമാണ് അട്ടിമറി നടത്തി വിജയിച്ചിട്ടുള്ളൂ. കോണ്‍ഗ്രസുകാരനായ സേവ്യർ അറയ്ക്കൽ സ്വതന്ത്രനായി മത്സരിച്ചും ജയിച്ചതും സിപിഎം പിന്തുണയോടെയാണ്. യുഡിഎഫ് പാനലിൽ സാധ്യത കല്പിക്കുന്നവരിൽ പ്രമുഖൻ കെ.വി. തോമസാണ്. നിലവിൽ അദ്ദേഹം എംപിയാണ്. കൂടാതെ മണ്ഡലത്തെ അഞ്ചുപ്രാവശ്യം പ്രതിനിധികരിച്ചുവെന്ന നേട്ടവുമുണ്ട്.
സ്ഥാനാർഥി പരിഗണനയിൽ വീഴ്ച ഉണ്ടായപ്പോൾ മാത്രമാണ് യുഡിഎഫിനു തിരിച്ചടിയുണ്ടായിട്ടുള്ളത്. ഇന്നസന്റിനെ കൂടാതെ പി. രാജീവ്, സെബാസ്റ്റ്യൻ പോൾ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ സെബാസ്റ്റ്യൻ പോളിനെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. യുഡിഎഫ് കോട്ടയിൽ രാജീവിനെ നിർത്തിയാൽ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കണം.