കളമശേരി: സീപ്പോർട്ട്-എയർപോർട്ട് റോഡ് വികസനത്തിനായി തിരികെയെടുക്കുന്ന പാട്ട ഭൂമിയ്ക്ക് 16 കോടി രൂപ നൽകാൻ തീരുമാനിച്ച പൊതുമരാമത്ത് മന്ത്രിയുടെ യോഗത്തിനെതിരേ സിപിഐ രംഗത്ത്. കോടതി വിധികളുടേയും നടപടിക്രമങ്ങളുടേയും നഗ്നമായ ലംഘനമാണെന്നും റവന്യു വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.പി. കരീം റവന്യൂ മന്ത്രിക്ക് പരാതി നൽകി.
പാവപ്പെട്ടവരിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും ഏറ്റെടുത്ത് എച്ച്എംടിക്ക് പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിക്ക് 16 കോടി രൂപ വിലയിട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സീപോർട്ട് എയർപോർട്ട് റോഡ് വികസനത്തിനായി 4 ഏക്കർ ഭൂമി തിരികെ എടുക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കിൻഫ്രയ്ക്കും കൊച്ചി സഹകരണ മെഡിക്കൽ കോളജിനും എച്ച്എംടി ഭൂമി കൈമാറിയപ്പോൾ നഷ്ടപരിഹാരം നൽകണമെന്ന ഇതേ വാദം എച്ച്എംടി 2002-ൽ ഉന്നയിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഇതംഗീകരിച്ചില്ല.
2014 ലാണ് അന്തിമ കോടതി വിധി വന്നത്.1963 ൽ പ്രത്യേക നിയമനിർമാണത്തിലൂടെയാണ് എച്ച്എംടിക്ക് 878 ഏക്കർ കൈമാറിയത്. 1964 ൽ പുറത്തുവന്ന വ്യവസായ വകുപ്പ് ഉത്തരവുകളിൽ ഉടമസ്ഥാവകാശം പൂർണമായും കേരള സർക്കാരിലാണ് നിലനിൽക്കുന്നത്. നിയമങ്ങളും കോടതി വിധിയും സർക്കാരിന് അനുകൂലമായിരിക്കെ പൊതുമരാമത്ത് മന്ത്രി ഏകപക്ഷീയമായി 16 കോടി രൂപ തീരുമാനിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
മൂന്ന് ഏക്കർ ഭൂമി എൻഐഎക്കും അഞ്ച് ഏക്കർ ഭൂമി സിഐഎസ്എഫിനും എച്ച്എംഎംടിയുടെ പാട്ട ഭൂമിയിൽ നിന്ന് കഴിഞ്ഞ വർഷം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ഏറ്റെടുക്കുന്ന 4 ഏക്കർ ഭൂമിക്ക് പകരം എച്ച്എംടിക്ക് 16 കോടി രൂപ നൽകാൻ തീരുമാനമായത്.
16 കോടി രൂപ പ്രതിഫലം നിശ്ചയിച്ച മാനദണ്ഡം എന്താണെന്നും ഏത് ഏജൻസിയാണ് വില നിർണയം നടത്തിയതെന്നതും പൊതുജനത്തെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് ആയിട്ടില്ല. അതിനാൽ പ്രസ്തുത തീരുമാനത്തിന് നിജസ്ഥിതി അന്വേഷിക്കാൻ കളക്ടറെ ചുമതലപ്പെടുത്തണമെന്നും മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.