മുംബൈ: മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ബോളിവുഡ് നടിയും ടെലിവിഷൻ താരവുമായ ശ്വേത തിവാരിയുടെ പരാതിയിൽ ഭർത്താവ് അഭിനവ് കോലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ശ്വേത പരാതി നൽകിയത്.
അറസ്റ്റ് ചെയ്ത അഭിനവിനെ കോടതിയിൽ ഹാജരാക്കി. ഇന്നുവരെ കോടതി അഭിനവിനെ കസ്റ്റഡിയിൽ വിട്ടു. ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകൾ പാലക്കിനെ അഭിനവ് മർദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നുമാണ് ശ്വേത പരാതി നൽകിയത്.
മോഡലിങ് രംഗത്ത് പ്രവർത്തിക്കുകയാണ് ശ്വേതയുടെ മകൾ പാലക്. 2017 മുതലാണ് പാലക് മോഡലിങ് ആരംഭിക്കുന്നത്. അന്ന് മുതൽ അഭിനവ് മകളെ മോഡലിങ് ചിത്രങ്ങളുടെ പേരിൽ അധിക്ഷേപിക്കുകയാണെന്നും പരിഹസിക്കുകയാണെന്നും ശ്വേത പറയുന്നു.
ശ്വേതയ്ക്കൊപ്പം മകളും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മർദിച്ചുവെന്നും ശ്വേത പരാതിയിൽ പറയുന്നു. തന്നെ ശാരീരികമായി അഭിനവ് ഉപദ്രവിച്ചിട്ടില്ലെന്ന് പാലക് പിന്നീട് ട്വിറ്ററിലൂടെ പ്രതികരിച്ചു.
അതേസമയം ശ്വേതയും അഭിനവും തമ്മിൽ രണ്ട് വർഷമായി നല്ല ബന്ധമല്ലെന്ന് അഭിനവിന്റെ അമ്മ പറഞ്ഞു. പ്രശ്നങ്ങൾ പരിഹാരിക്കാൻ അഭിനവ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വേത ഷൂട്ടിം ഗിന്റെ തിരക്കിലായിരുന്നുപ്പോൾ പാലകിന്റെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് അഭിനവായിരുന്നെന്നും അഭിനവിന്റെ അമ്മ പറഞ്ഞു.
പാലകിനെ ഉപദ്രവിച്ചെന്ന സംഭവത്തിൽ രാജാ ചൗധരിയും പ്രതികരണവുമായി രംഗത്ത് എത്തി. പാലകിനെ വിളിച്ചെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നു പറഞ്ഞെന്നും രാജാ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ശ്വേതയുടെയും നടൻ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998 ൽ വിവാഹിതരായ ഇവർ 2007 ൽ വേർപിരിഞ്ഞു. 2013 ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ഒരു ആണ്കുഞ്ഞുണ്ട്.