ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിയുടെ തിടമ്പ് ആറ് പതിറ്റാണ്ടോളം എഴുന്നള്ളിച്ച പെണ്ണാന സീതയുടെ മരണത്തിൽ നിയമനടപടികളിലേയ്ക്ക് ആന പ്രേമികൾ.
ചോറ്റാനിക്കര നിവാസികൾക്കും ഭക്തജനങ്ങൾക്കും ഏറെ പ്രിയങ്കരിയായിരുന്ന ആനയുടെ പെട്ടെന്നുള്ള വിടവാങ്ങൽ ദേവസ്വം അധികൃതരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് ആക്ഷേപമുയരുന്നത്.
കുറച്ച് കാലങ്ങളായി ചോറ്റാനിക്കര ക്ഷേത്രത്തോട് ചേർന്ന പ്രദേശങ്ങൾ തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്. ആനക്കൊട്ടിലിൽ നിന്നിരുന്ന ആനയ്ക്ക് നായയുടെ കടിയേറ്റിട്ടുണ്ടോയെന്നും സംശയമുണ്ട്.
അവസാന ദിവസങ്ങളിൽ പേവിഷബാധയേറ്റ രീതിയിലുള്ള ലക്ഷണങ്ങളും ആന പ്രകടിപ്പിച്ചിരുന്നു. ആനക്കൊട്ടിലിലേയ്ക്ക് നായകൾക്കും മറ്റും നിർബാധം കടന്നു ചെല്ലാൻ സാധിക്കുന്ന രീതിയായിരുന്നു.
ആന ചരിഞ്ഞതിന്റെ തലേന്നു രാവിലെ വരെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചിരുന്നു. ആനയ്ക്ക് അവശതയുണ്ടായിട്ടും കാര്യമായ പരിചരണം ലഭിച്ചില്ലായെന്നാണ് ആന പ്രേമികൾ പറയുന്നത്.
അതേ സമയം ആനയുടെ അസ്വസ്ഥതകൾ കണ്ട് ആനയ്ക്ക് കോവിഡാണെന്നും നാട്ടുകാർ പറഞ്ഞു പരത്തി. വിലാപയാത്രയായി കൊണ്ടുപോയ ആനയുടെ ജഡം കോടനാട് ഫോറസ്റ്റ് ഡിവിഷനിൽ ആനകളെ ദഹിപ്പിക്കുന്ന പ്രത്യേക സ്ഥലത്താണ് സംസ്കരിച്ചത്.
കത്തിത്തീരാൻ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് സംസ്ക്കാരത്തിന് നേതൃത്വം നൽകുന്നതിൽ വിദഗ്ദ്ധരായവർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ആന ചരിഞ്ഞതിന്റെ യഥാർഥ കാരണം അറിയാനാവൂ.