കോഴഞ്ചേരി: പന്പാനദിയിൽ കുളിപ്പിക്കാനെത്തിയ ആന ഇടഞ്ഞു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു നിന്ന ആനയെ തളയ്ക്കാനായത് മണിക്കൂറുകൾക്കുശേഷം.
തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള സീത എന്ന പിടിയാനയാണ് ഇടഞ്ഞത്.
അയിരൂർ മൂക്കന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനുസമീപം സ്വകാര്യ വക്തിയുടെ സ്ഥലത്ത് ഒരുമാസമായി ആനയെ തളച്ചിരുന്നു.
തടിപ്പണികൾക്ക് കൊണ്ടു പോയ ശേഷം ഇവിടെയാണ് തളച്ചിരുന്നത് . തിങ്കളാഴ്ച ഉച്ചയ്ക്ക് ആനയെ കുളിപ്പിക്കുന്നതിനായി കൈലാത്ത് കടവിൽ എത്തിച്ചപ്പോഴാണ് ഇടഞ്ഞത്.
കുളിപ്പിക്കാനായി പമ്പയിലിറക്കിയ ആന ഇടഞ്ഞ് മറുകരയിൽ ചെറുകോൽ പഞ്ചായത്തിലെ പഞ്ചായത്ത് കടവിലേക്ക് നീന്തിക്കയറി.
തുടർന്ന് ആറ്റിൽ കൂടി കിഴക്കോട്ട് അരക്കിലോമിറ്റർ നീന്തിയശേഷം പുതമൺ കരയിൽ കയറി നിലയുറപ്പിക്കുകയായിരുന്നു.
നിരവധിത്തവണ പാപ്പാന്മാർ നദിയിലിറങ്ങി ആനയെ അനുസരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.വൈകുന്നേരം ആറോടെ ആന തിരികെ നദിയിലേക്കിറങ്ങി മറുകരയിലേക്ക് നീന്തി.
കരയിലുണ്ടായിരുന്ന പാപ്പാന്മാർ വേഗത്തിൽ നദിയിൽ ഇറങ്ങി ആനയുടെ ചങ്ങലയിൽ പിടിച്ച് പഞ്ചായത്ത് റോഡിൽക്കൂടി മൂക്കന്നൂർ ജംഗ്ഷനിലെത്തിച്ചു.
മൂക്കന്നൂർ എൽ പി .സ്കൂളിന് എതിർവശത്തുള്ള പറമ്പിൽ തളച്ചതോടെയാണ് അഞ്ചു മണിക്കൂറോളം രണ്ടു കരകളിലെ പരിഭ്രാന്തി മാറിയത്.
ആന യാതൊരു നാശനഷ്ടവും ഉണ്ടാക്കാതിരുന്നതും ഇരുട്ട് പരക്കും മുന്പേ തളയ്ക്കാനായതും ആശ്വാസമായി.