ആര്യനാട്: കൈക്കുഞ്ഞുമായി കരമനയാറ്റിലേക്ക് ചാടിയ അമ്മയെയും കുഞ്ഞിനെയും ഒഴുക്കിൽപ്പെട്ട് കാണാതായി. ഉഴമലയ്ക്കൽ കത്തിക്കാൻ പാറ, കാവീൻമൂല വീട്ടിൽ നിന്നും പറണ്ടോട്, വാടക വീട്ടിൽ ഉഴമലയ്ക്കൽ പഞ്ചായത്ത് അംഗം സുജാതയുടെ മകൾ ശീതൾ (22), മകൾ നിയ(ഒന്നര)യുമായാണ് ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ കുളപ്പല ഏലിയാവൂർ പാലത്തിൽ നിന്നും കരമനയാറ്റിലേക്ക് ചാടിയത്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പെയ്ത ശക്തമായ മഴയിൽ കരമനയാറ്റിൽ ജലം ക്രമാതീതമായി ഉയർന്നിരുന്നു.
അടിയൊഴുക്കും ശക്തമാണ്. കഴിഞ്ഞ ഒന്നരവർഷമായി ശീതൾ ഭർത്താവുമായി പിണങ്ങി അമ്മയുടെ കൂടെയായിരുന്നു താമസം. ഇന്നലെ ആശുപത്രിയിൽ പോകാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ശീതൾ കുട്ടിയുമായി ഇറങ്ങിയതാണെന്ന് ആര്യനാട് പോലീസ് പറഞ്ഞു.