തിരുവനന്തപുരം : കേരളത്തിലെ ആദ്യ സിസേറിയൻ കുഞ്ഞായി കരുതപ്പെടുന്ന സീതാ ലക്ഷ്മി അമ്മാൾ ഇന്നലെ യാത്രയായി. 94 വർഷങ്ങൾക്കു മുന്പ് തിരുവനന്തപുരത്തെ തൈക്കാട് ആശുപത്രിയിൽ സീതാലക്ഷ്മി അമ്മാൾ ജനിച്ചപ്പോൾ അതൊരു അത്ഭുതപ്പിറവിയായിരുന്നു. അസാധാരണ ജന്മമെന്നു അധികം വാഴ്ത്തപ്പെടാതെ ജീവിച്ച അമ്മ ഇന്നലെ യാത്രയാവുകയും ചെയ്തു. തൈക്കാട് വലിയവിളാകത്ത് മഠത്തിൽ നിന്നും ഒരു ചരിത്ര സ്മൃതിയും പടിയിറങ്ങുന്നു.
വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കഥകളി കൂടിയാട്ട പണ്ഡിതൻ എസ്. ഗണേശയ്യരുടെ സഹധർമിണി പല കാര്യങ്ങളിലും വ്യത്യസ്തയായിരുന്നു. തികച്ചും യാഥാസ്തികമായ ബ്രാഹ്മണ സമുദായത്തിലാണ് ജനിച്ചു വളർന്നതെങ്കിലും ഒൗപചാരികമായ വിദ്യാഭ്യാസം വളരെയൊന്നും നേടിയില്ലെങ്കിലും സ്വന്തം കാലത്തിനും ചിന്തകൾക്കും അതീതമായി ചിന്തിച്ച സ്ത്രീ ശക്തിയുടെ പ്രതീകമായിരുന്നു. നന്നായി വയലിൻ വായിച്ചിരുന്നു, തുന്നൽ പണി ചെയ്തിരുന്നു. വീട്ടിലെ ചുമരുകളെല്ലാം സ്വന്തം കലാവിരുന്ന് കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.
പഴയ പ്ലാസ്റ്റിക് കവറുകളും തെർമോകോളും അടങ്ങുന്ന പാഴ് വസ്തുക്കൾ കൊണ്ട് പൂമാലകളും പൂർണ കുംഭവും ബൊമ്മകളും പൊന്നൂഞ്ഞാലും ഉണ്ടാക്കി അതുകൊണ്ട് നവരാത്രി കാലത്ത് ബൊമ്മക്കൊലു ഒരുക്കുകയും ചെയ്തു. മുൻ അംബാസിഡർ ജി.എസ്. അയ്യർ, പ്രഫ. ലക്ഷ്മി, പ്രഫ. രാധ, മുൻ പ്രിൻസിപ്പൽ ജി. കൃഷ്ണൻ, ഡോ. പാർവതി, കെമിക്കൽ എൻജിനിയറായ ആനന്ദ് ഉൾപ്പെടുന്ന മക്കളെ നല്ല നിലയിൽ പഠിപ്പിക്കുവാനും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുവാനും ഗണേശയ്യർ സാറിനൊപ്പം നിന്നതും അമ്മ തന്നെ. ഫെമിനിസം, ആക്ടിവിസം എന്ന സംജ്ഞകളൊന്നും അറിയില്ലെങ്കിലും സ്ത്രീകൾ പഠിക്കണമെന്നും സാന്പത്തികമായ സ്വയംപര്യാപ്തത നേടണമെന്നും അമ്മ ആഗ്രഹിച്ചു. സ്വന്തമായി അധികം പഠിക്കുവാനോ, ഉദ്യോഗത്തിനു പോകുവാനോ സാധിക്കാത്തതിന്റെ വേദന പെണ്മക്കളെ ഉന്നത ഉദ്യോഗസ്ഥകളാക്കുന്നതിലേക്കു നയിച്ചു. പെണ്കുട്ടികൾ പഠിക്കണം. ഉദ്യോഗസ്ഥകളാകണം. സ്വന്തം കാലിൽ നിൽക്കണം. അമ്മ നിരന്തരം ആവർത്തിച്ചിരുന്നു.
തീരെ അവശയാകുംവരെയും പുലർച്ചെ മൂന്നിനു ഉണരുന്ന ശീലവും സീതാലക്ഷ്മി അമ്മാളിനുണ്ടായിരുന്നു. ആരോഗ്യമുള്ള സമയം വരെയും വാർധക്യകാലത്തെ കുറിച്ച് പരാതികൾ പറയാതെ ജീവിതത്തിന്റെ ഓരോ നിമിഷവും സാർഥകമാക്കിയിരുന്നു. സ്വന്തം ജനനത്തെ കുറിച്ച് സീതാലക്ഷ്മി അമ്മാൾ പറഞ്ഞിരുന്ന കാര്യങ്ങൾ കൂട്ടിവച്ച് ആലോചിക്കുന്പോൾ ആദ്യത്തെ സിസേറിയൻ ബേബിയായി സീതാലക്ഷ്മി അമ്മാളിനെ കണക്കാക്കാം.
കേരളത്തിൽ ആദ്യ സിസേറിയൻ നടന്ന ആശുപത്രി തൈക്കാട് വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലാണ്. തൈക്കാട് ആശുപത്രിയിൽ 1923 മീനമാസത്തിൽ സീതാലക്ഷ്മി അമ്മാൾ ജനിക്കുന്പോൾ അതൊരു വലിയ കാഴ്ചയായിരുന്നു. സ്വന്തം അമ്മ ലക്ഷ്മി അമ്മാൾ പറഞ്ഞിരുന്ന തന്റെ ജനനകഥ പലവട്ടം സീതാലക്ഷ്മി അമ്മാൾ പറഞ്ഞിട്ടുണ്ട്.
ആദ്യമായി ഓപ്പറേഷൻ വഴി പുറത്തെടുത്ത കുട്ടിയെ അന്നു നഴ്സുമാർ ആശുപത്രി മുഴുവൻ കൊണ്ടുനടന്നു കാണിച്ചുവത്രേ. 14 പൗണ്ട് ആയിരുന്നു കുഞ്ഞിന്റെ തൂക്കം. ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനം കഴിഞ്ഞെത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് ആണ് വളരെ സാഹസികമായി കുഞ്ഞിനെ പുറത്തെടുത്തത്. 1923-ൽ സർക്കാർ ആശുപത്രിയിലെ പരിമിതമായ സാഹചര്യത്തിനുള്ളിൽ നിന്നും ശസ്ത്രക്രിയ നടത്തുന്പോൾ ലക്ഷ്മി അമ്മാളിന്റെ അച്ഛനോട് ഡോക്ടർ പറഞ്ഞത് രണ്ടുപേരേയും രക്ഷിക്കുവാൻ കഴിയില്ല എന്നാണ്. അന്നു ലക്ഷ്മി അമ്മാളിന്റെ അച്ഛൻ പ്രഫ. എൻ. കൃഷ്ണസ്വാമി അയ്യർ കണ്ണീരോടെ പറഞ്ഞത്. എങ്ങനെയും മകളുടെ ജീവൻ രക്ഷിക്കുക എന്നാണ്. കുട്ടി സുരക്ഷിതമായി പുറത്തു വന്നുവെന്നു മാത്രമല്ല 94 വയസ് വരെ ജീവിക്കുകയും ചെയ്തു.
ജീവൻ മരണ പോരാട്ടത്തിലൂടെ പുറത്തെടുത്തത് കൊണ്ടാകാം തന്റെ ആയുസ് ഇങ്ങനെ നീണ്ടത് എന്നും അമ്മ പുഞ്ചിരിയോടെ പറഞ്ഞിരുന്നു. ഇന്നത്തെ പോലെ ശക്തമായ അനസ്തേഷ്യയോ, വേദന സംഹാരികളോ ഇല്ലാതിരുന്ന കാലത്ത് സ്വന്തം അമ്മ അനുഭവിച്ച സിസേറിയൻ യാതനകൾ സീതാലക്ഷ്മി പറഞ്ഞത് കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ അളക്കുവാൻ ഉപയോഗിക്കാം.
സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ, പ്രസംഗ മത്സരത്തിനെത്തിയ എ.കെ. ആന്റണിക്കു അന്നു ചേർത്തല സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഗണേശയ്യർ താമസം ഒരുക്കിയത് സ്വന്തം വീട്ടിലാണ്. (ചേർത്തലയിൽ നിന്നും വന്ന എല്ലാ കുട്ടികളും വലിയവിളാകത്തു മഠത്തിലാണ് താമസിച്ചത്) അന്നു സീതാലക്ഷ്മി നല്കിയ ഇഡ്ഡലിയുടെയും മുളക് പൊടിയുടെയും സ്വാദിനെക്കുറിച്ച് കാണുന്പോഴും ഫോണ് ചെയ്യുന്പോഴും എ.കെ. ആന്റണി പറയുമായിരുന്നു.
എസ്. മഞ്ജുളാദേവി