സ്വന്തം ലേഖകൻ
തൃശൂർ: ഇന്നലെ ചെരിഞ്ഞ ചോറ്റാനിക്കര സീതമ്മ എന്ന ആന ചോറ്റാനിക്കരയിലെത്തിയത് തിരുവില്വാമലയിൽ നിന്നാണെന്ന ആനക്കഥ സോഷ്യൽമീഡിയയിൽ വൈറൽ.
ആനക്കഥകളുടെ കൂട്ടത്തിൽ ഏറെ വൈറലായ ആനക്കഥയാണ് സീതമ്മയുടേത്. സീതമ്മ ചെരിഞ്ഞപ്പോൾ സീതമ്മയെ കണ്ടെത്തി കഥ വീണ്ടും വാട്സാപ്പിലും സോഷ്യൽമീഡിയയിലും നിറയുകയാണ്.
ഈ കഥയിലെത്ര മാത്രം സത്യമുണ്ടെന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണെങ്കിലും സീതമ്മ ചെരിഞ്ഞപ്പോൾ കഥ വീണ്ടും പ്രചാരം നേടുകയാണ്. ആ കഥ ഇങ്ങനെ..
1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുന്പിയായ ആനയെ വില്വമലക്കാർ കാണുന്നത്. ക്ഷേത്രത്തിനടുത്ത് കയറിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ആനക്കുട്ടിയെ.
നാലോ അഞ്ചോ മാസം മാത്രം പ്രായമുള്ള ഭംഗിയുള്ള ആനക്കുട്ടിയെ കണ്ട് ക്ഷേത്രദർശനത്തിനെത്തിയവരും നാട്ടുകാരും ചുറ്റും കൂടി. പാപ്പാൻമാർ കെട്ടിയിട്ടതാകുമെന്ന് എല്ലാവരും കരുതിയെങ്കിലും ആനക്കുട്ടിയെ തേടി ആരുമെത്തിയില്ല.
രാത്രിയായിട്ടും പാപ്പാൻമാർ എത്താതെയായപ്പോൾ ആനക്കുട്ടി വിശന്നു ക്ഷീണിതയായി. നാട്ടുകാർ തന്നെ വെള്ളവും പഴവും നൽകി ആനക്കുട്ടിയുടെ വിശപ്പും ദാഹവും അകറ്റി. വയറു നിറഞ്ഞപ്പോൾ ആനക്കുട്ടി ഉഷാറായി.
രാത്രി പുലർന്ന് പിറ്റേന്ന് രാവിലെയായപ്പോഴും ആനക്കുട്ടിയെ തേടി ആരുമെത്തിയില്ല. അതോടെ നാട്ടുകാരും അങ്കലാപ്പിലായി.
ഇതേതാണ് ഈ ആനക്കുട്ടി, ആരാണ് ഈ ആനക്കുട്ടിയെ കെട്ടിയിട്ട് കടന്നുകളഞ്ഞത് എന്നൊക്കെയുള്ള അന്വേഷണം തുടരുന്നതിനിടെ പിറ്റേ ദിവസത്തെ പത്രത്തിൽ ഒരു പരസ്യം തിരുവില്വാമലക്കാരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടു.
പേരോ വിലാസമോ വെളിപ്പെടുത്താതെ ഒരു വിശ്വാസി എന്ന പേരിൽ നൽകിയ ഒരു അറിയിപ്പ് പരസ്യമായിരുന്നു അത്.
തിരുവില്വാമല ക്ഷേത്ര പരിസരത്ത് ഞങ്ങൾ ഒരു ആനക്കുട്ടിയെ നിർത്തിയിട്ടുണ്ട്.
അവൾ തിരുവില്വാമല തേവർക്ക് അവകാശപ്പെട്ടവളാണ്. കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർക്ക് അവളെ ഏറ്റെടുക്കാം.
ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത് ചെയ്യണമെന്ന അപേക്ഷയോടെ ഒരു വിശ്വാസി എന്നായിരുന്നു ആ അറിയിപ്പ് പരസ്യത്തിന്റെ രത്നചുരുക്കം.
അങ്ങിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് വില്വാദ്രിനാഥന്റെ ക്ഷേത്രമുറ്റത്തു നിന്നും കിട്ടിയ ആനക്കുട്ടിയെ ചോറ്റാനിക്കരയിലേക്ക് എത്തിക്കുന്നതെന്നാണ് വാട്സാപ്പിൽ പ്രചരിക്കുന്ന സീതമ്മക്കഥ.
ചോറ്റാനിക്കരയിൽ ഭഗവതിയുടെ തിടന്പേറ്റി തട്ടകവാസികളുടെ പ്രിയപ്പെട്ടവളായി കഴിയുന്പോൾ ഗജറാണി പട്ടവും സീതമ്മയെ തേടിയെത്തിയത് കഥയല്ല നടന്ന കാര്യം.പ്രായാധിക്യം മൂലം അസുഖബാധിതയായപ്പോൾ ചികിത്സിക്കാൻ എത്തിയത് കേരളത്തിലെ പ്രശസ്ത ആനചികിത്സകൻ ഡോ.പി.ബി.ഗിരിദാസായിരുന്നു.
വില്വാദ്രിനാഥന്റെ തട്ടകത്ത് നിന്ന് കിട്ടിയ ആനക്കുട്ടിയായതു കൊണ്ടാണോ എന്നറിയില്ല ശ്രീരാമചന്ദ്രന്റെ പ്രിയങ്കരിയായ സീതയുടെ പേരു തന്നെയായിരുന്നു ഈ ആനക്കുട്ടിക്ക് ഇട്ടത്.
നാൽപതു വർഷത്തിലേറെയായി സീതമ്മ ചോറ്റാനിക്കരയിലുണ്ടെന്നും വാട്സാപ്പിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്ന കഥ തങ്ങളും കണ്ടിരുന്നുവെന്നും വർഷങ്ങൾക്കു മുൻപ് അങ്ങിനെയൊരു സംഭവം നടന്നിരുന്നോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ചോറ്റാനിക്കര ക്ഷേത്രം മാനേജർ യദുൽദാസ് പറഞ്ഞു.
ഏതായാലും കോടനാട്ടെ മണ്ണിൽ സീതമ്മ മറയുന്പോഴും വർഷങ്ങൾക്ക് മുന്പുള്ള സീതയെന്ന ആനക്കുട്ടിയുടെ കഥ പാറിപ്പറക്കുകയാണ്.