ന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പോലീസ് റെയ്ഡ്.
യച്ചൂരിക്കു സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ്. നിലവിൽ യെച്ചൂരി ഇവിടെ താമിസിക്കുന്നില്ല. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരിൽ ചിലർ ഇവിടെ താമസിക്കുന്നതുകൊണ്ടാണ് പരിശോധന നടത്തിയത്.
വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സയൻസ് ഫോറം മേധാവി ഡി. രഘുനന്ദൻ, സഞ്ജയ് രജൗര എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ന്യൂസ് ക്ലിക്കിന്റെ ഡൽഹി ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും എഴുത്തുകാരുടെ വീടുകളിലും റെയ്ഡ് നടന്നു. ന്യൂസ് ക്ലിക്കിനെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരിൽ നിന്നു മൊബൈൽഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. മുപ്പതിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും ടീസ്ത സെതൽവാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ടീസ്തയെ ചോദ്യം ചെയ്തു.
ഇന്ത്യൻ വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിന് യുഎസ് കോടീശ്വരനായ നെവിൽ റോയ് സിംഗാം മുഖേന ചൈനയുടെ ഫണ്ടിംഗ് ലഭിച്ചതായി ഓഗസ്റ്റിൽ യുഎസ് ദിനപത്രമായ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയിൽ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും എഡിറ്റർമാരുടെ വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസ്. 2018 നും 2021 നും ഇടയിൽ ന്യൂസ്ക്ലിക്ക് 77 കോടിയിലധികം വരുന്ന വിദേശപണമിടപാട് നടത്തിയതായി ഇഡി പറയുന്നു.