ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് (72) ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ഇന്ത്യൻ കമ്യൂണിസത്തിന്റെ ജനകീയമുഖമായിരുന്ന യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
എയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു വൈകുന്നേരത്തോടെ വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡൽഹി ഗോൾ മാർക്കറ്റിനു സമീപമുള്ള എകെജി സെന്ററിൽ പൊതുദർശനം നടക്കും. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും.
പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, പ്രഫ. കെ.വി. തോമസ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ആദരാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ നടത്തുന്നത്. ശ്വാസകോശ അണുബാധയെത്തുടർന്ന് രണ്ടാഴ്ചയായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം.
ന്യുമോണിയ ബാധ ഗുരുതരമായതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഡയാലിസിസ് അടക്കമുള്ള ചികിത്സകളും നടത്തിയിരുന്നു. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ മാസം 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. മുതിർന്ന പത്രപ്രവർത്തകയായ ഭാര്യ സീമ ചിഷ്ടി മരണസമയത്ത് സമീപത്തുണ്ടായിരുന്നു. അന്തരിച്ച മാധ്യമപ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖില യെച്ചൂരി, ഡാനിഷ് എന്നിവരാണു മക്കൾ.
യെച്ചൂരിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ അനുശോചിച്ചു.
യെച്ചൂരിക്കു പകരം ആര്? തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിൽ പോളിറ്റ്ബ്യൂറോ അംഗമായ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല നൽകും. ഒരാഴ്ചയ്ക്കുശേഷമേ ഇതിൽ തീരുമാനമാകൂവെന്നു നേതാക്കൾ അറിയിച്ചു.
നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെ പേരും ചർച്ച ചെയ്തേക്കാം. അടുത്ത് നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതുവരെയാകും താല്കാലിക ചുമതല.