തൃശൂർ: സാമൂഹികമായി വിദ്വേഷം വളർത്തുകയെന്നതാണു ഫാസിസത്തിന്റെ സ്വാഭാവിക പ്രകൃതമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജയ്ഹിന്ദ് അല്ല, ഭാരത് മാതാ കീ ജയ് എന്ന മുദ്രവാദ്യമാണു ഫാസിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്നത്. വൈവിധ്യങ്ങളെ ഏകതയിലേക്കു കൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമാണത്.
ഐക്യം തകർക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാതെ അതിനു കഴിയില്ലെന്ന് അവർക്കറിയാം. മതത്തിന്റെ പേരിൽ തൊഴിൽവിഭാഗത്തെ പോലും വർഗീയവത്കരിക്കുകയാണ്. ഓരോ കോണിലും വികസിക്കുന്ന മതേതരമൂല്യങ്ങളെ തകർക്കുകയാണ് ആർഎസ്എസിന്റെ ഫാസിസ്റ്റ് അജണ്ട. അതിനാണു ഹിന്ദുത്വത്തെ തീവ്രദേശീയതയാക്കി ഉയർത്തിക്കാട്ടുന്നതെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.
ദേശാഭിമാനി സിപിഎം ലോക്കൽ കമ്മിറ്റി “ഫാസിസ്റ്റ് അജണ്ടയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി. ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, കെ.വി. അബ്ദുൾ ഖാദർ എംഎൽഎ, ടോം പനയ്ക്കൽ, ഐ.പി. ഷൈൻ എന്നിവർ പങ്കെടുത്തു.