ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് ബാലകൃഷ്ണന്റെ യുഎഇയിലെ സാന്പത്തിക തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത് സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഭിന്നതയുടെ തുടർച്ച. ബിനോയിയുടെ സാന്പത്തികതട്ടിപ്പ് വ്യക്തമാക്കി ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടർ ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസുഖി, സിപിഎം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പോളിറ്റ്ബ്യൂറോയിൽ വയ്ക്കാത്ത സാഹചര്യത്തിൽ മാധ്യമങ്ങൾക്കു ചോർത്തിക്കിട്ടുകയായിരുന്നു.
അതേസമയം ഇങ്ങനെയൊരു പരാതി കിട്ടിയിട്ടില്ലെന്നും പാർട്ടി കേന്ദ്ര നേതൃത്വം യാതൊരുവിധ മധ്യസ്ഥ ചർച്ചയ്ക്കും ഇടപെട്ടിട്ടില്ലെന്നുമുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകൾ കണ്ണടച്ചു വിശ്വസിക്കാവുന്നതല്ല.
ഹൈദരാബാദിൽ നടക്കുന്ന 22-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലി കേന്ദ്രകമ്മിറ്റിയിൽ ഉണ്ടായ ഭിന്നതയുടെ തുടർച്ചതന്നെയാണ് ഇതെന്നാണു വിലയിരുത്തപ്പെടുന്നത്. തന്നെ കോൺഗ്രസ് അനുകൂലി എന്ന് മുദ്രകുത്താൻ ശ്രമിച്ചാൽ മറ്റു ചിലരെ ബിജെപി അനുകൂലികൾ എന്നു വിളിക്കേണ്ടിവരുമെന്ന് യെച്ചൂരി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “”എന്നെ കോൺഗ്രസ് അനുകൂലി എന്നു വിളിച്ചാൽ, മറ്റു ചിലരെ ബിജെപി അനുകൂലികൾ എന്നു തിരിച്ചു വിളിക്കേണ്ടിവരും.
ഞാൻ കോൺഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. എന്റെ നിലപാടുകൾ ഇന്ത്യക്കും ജനങ്ങൾക്കും ഒപ്പമാണ്. ഉൾപാർട്ടി ജനാധിപത്യം ഏറ്റവും നന്നായി നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിക്കുള്ളിൽ എല്ലാക്കാലത്തും ഭിന്ന അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.
ബിജെപിയെയും അവരുടെ വർഗീയ അജൻഡയെയും പരാജയപ്പെടുത്തുക എന്നതാണ് ഈ അജൻഡ. അക്കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. അതിൽ ഭൂരിപക്ഷ പിന്തുണയുള്ള അഭിപ്രായമാണ് ഏപ്രിലിൽ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുന്നിലെത്തുക.”-യെച്ചൂരി പറഞ്ഞു.
കോൺഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കാമെന്ന യെച്ചൂരി മുന്നോട്ടുവച്ച ധാരണ വോട്ടിനിട്ടു തള്ളിയ പശ്ചാത്തലത്തിൽ രാജിസന്നദ്ധത അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യമില്ലെന്നാണ് പോളിറ്റ്ബ്യൂറോ ഏകകണ്ഠമായി അറിയിച്ചതെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ത്രിപുര തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരേണ്ടതുണ്ടെന്നും പോളിറ്റ്ബ്യൂറോ നിലപാടെടുത്തു.
കേന്ദ്രകമ്മിറ്റിയിൽ പോളിറ്റ്ബ്യൂറോയിൽ ഉന്നയിച്ച അതേ വിഷയങ്ങൾതന്നെ ഞാൻ ആവർത്തിച്ചിരുന്നു. കേന്ദ്രകമ്മിറ്റിക്കും ജനറൽസെക്രട്ടറി സ്ഥാനത്ത് ഞാൻ തുടരണമെന്ന കാര്യത്തിൽ ഏകകണ്ഠമായ അഭിപ്രായമാണുണ്ടായിരുന്നത്. അതുകൊണ്ടാണ് അന്ന് കൊൽക്കത്തയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്രകമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും ആവശ്യപ്രകാരമാണ് ഞാനിവിടെ ഇരിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞത്.
ഭിന്ന അഭിപ്രായങ്ങളുടെ പിന്നിലെ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് എന്റെ കാര്യം മാത്രമേ പറയാൻ കഴിയൂ എന്നും ഇതൊന്നും വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്നും നയപരമായ തീരുമാനങ്ങളുടെ പേരിലുള്ള ഭിന്നതയാണെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്.
കേന്ദ്രകമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിനു ശേഷം ജനറൽ സെക്രട്ടറി താഴോട്ടുപോയോ എന്ന ചോദ്യത്തിന്, ഞാൻ എന്തായിരുന്നോ അതുതന്നെയാണ് ഇപ്പോഴും. അതേ സ്ഥാനത്തുതന്നെ ഉണ്ട്. താഴോട്ടു പോകുകയോ പുറത്താകുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.
കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഭേദഗതി പാർട്ടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്നാണ് യെച്ചൂരി മറുപടി നൽകിയത്. മകനെതിരേയുള്ള പരാതി ഉടൻ പരിഹരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ബിനോയ് ബാലകൃഷ്ണൻ നടത്തിയ സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞവർഷംതന്നെ കോടിയേരിയെ നേരിട്ട് അറിയിച്ചിരുന്നുവെന്ന് മർസുഖിയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോടിയേരി ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. അതിനിടെ മർസുഖി നേരിട്ട് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തിട്ടുമുണ്ട്.