കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍.
ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും.
ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി.
സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്‌പെന്‍ഷന്‍. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍.
ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ വച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ലെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമാവാം. താന്‍ നിരപരാധിയാണെന്നാണ് ജോസ് പറയുന്നത്.
താന്‍ സത്യങ്ങള്‍ തുറന്നു പറയുമെന്ന ഭയക്കുന്ന ചിലര്‍ തനിക്കെതിരേ വധഭീഷണി മുഴക്കുന്നുണ്ടെന്നും ജോസ് ബന്ധുക്കളെ അറിയിച്ചെന്ന് വിവരമുണ്ട്.
ബാങ്കില്‍ നിന്ന് വിവിധ സമയങ്ങളിലായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പാര്‍ട്ടി നേതാക്കളും മറ്റും ബിനാമി പേരില്‍ തട്ടിയെടുത്ത തുക തിരിച്ചടയ്ക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
അതിന് തയാറാകാത്ത സാഹചര്യത്തിലാണ് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയത്. രണ്ടു കോടിയോളമാണ് തിരിമറി നടത്തിയിരിക്കുന്നത്.
തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ 50 ലക്ഷം തിരികെ അടയ്ക്കാനാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് തയാറല്ലെന്നാണ് ജോസ് പറഞ്ഞിരിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റാണ് ബാങ്കില്‍ അവസാനമായി നടന്നിട്ടുള്ളത്. ഈ റിപ്പോര്‍ട്ടില്‍ 2,16,52,409.33 രൂപയാണ് നഷ്ടം. അന്നു വരെയുള്ള ആകെ നഷ്ടം 5, 75,69,056.97 രൂപയാണ്.
ഇതിന് ശേഷം യാതൊരു ഓഡിറ്റും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ഓഡിറ്റ് നടന്നിരുന്നെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി വളരെക്കൂടുമായിരുന്നു.
2013 മുതല്‍ ബാങ്കില്‍ കൃതൃമ രേഖകള്‍ ഉപയോഗിച്ചാണ് ഓഡിറ്റ് നടത്തുന്നതെന്നും വിമര്‍ശനം ഉണ്ട്. ഭരണ സമിതി ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നെന്നാണ് മറ്റൊരു ആരോപണം. കേരള ബാങ്കില്‍ നിന്ന് സ്വര്‍ണ പണയത്തിന്‍ മേല്‍, ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ കിട്ടിയ 7 കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പ കിട്ടാതെയായി.
ആകെ 20 കോടിക്ക് അടുത്ത് നിക്ഷേപമുള്ള ബാങ്കാണ് ഇത്രയും വലിയ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. നേതാക്കള്‍ പറയുന്നത് അനുസരിച്ച് വഴി വിട്ട് പ്രവര്‍ത്തിക്കേണ്ട ഗതികേടിലായിരുന്നു സെക്രട്ടറി ജോസ്.
മുമ്പ് സീതത്തോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി, സീതത്തോട് ബാങ്ക് ആങ്ങമൂഴി ബ്രാഞ്ച് മാനേജര്‍ എന്നീ നിലകളില്‍ ജോസ് പ്രവര്‍ത്തിച്ചിരുന്നു.
സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പലവിധ അഴിമതിയ്ക്ക് ജോസിന് കൂട്ടുനില്‍ക്കേണ്ടി വന്നുവെന്നാണ് വിവരം.
പഞ്ചായത്ത് ഭരണസമിതിയുടെ പല തീരുമാനങ്ങളും സംശയങ്ങളുടെ മുള്‍മുനയില്‍ നിന്നു കൊണ്ടുള്ളതായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായത്.
എന്നാല്‍ പ്ലാന്റ് സ്ഥാപിച്ചതാവട്ടെ പഞ്ചായത്ത് ആസ്ഥാനത്തു നിന്നും 70 കിലോ മീറ്റര്‍ അകലെയുള്ള ഗവിയിലും. ആനയും കടുവയുമെല്ലാമുള്ള വനത്തിലൂടെ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മാലിന്യം സംസ്‌ക്കരിക്കാന്‍ ആരും തയ്യാറാവാത്തതിനാല്‍ പ്ലാന്റ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ഇതു സംബന്ധിച്ചും അഴിമതിയാരോപണമുണ്ട്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ രാഹുലിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. ഈയിനത്തില്‍ കമ്മിഷനായി ലഭിച്ച 10 ലക്ഷം രൂപ സീതത്തോട് ബാങ്കിലുള്ള രാഹുലിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഈ തുക രാഹുല്‍ അറിയാതെ ഒരു ഉന്നത സിപിഎം നേതാവ് പിന്‍വലിച്ച് തനിക്ക് റാന്നി എംപ്ലോയീസ് സഹകരണ സംഘം, ജില്ലാ സഹകരണ ബാങ്കിന്റെ സീതത്തോട് ശാഖ, കെഎസ്എഫ്ഇയുടെ ചിറ്റാര്‍, പെരുനാട് ശാഖകള്‍ എന്നിവിടങ്ങളിലുള്ള ബാധ്യത തീര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നുവത്രേ ഇത്. ഈ സംഭവം ഏരിയാ കമ്മറ്റിയംഗം പിആര്‍ പ്രമോദ് പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് രാഹുലും നേതാക്കളുമായി അകന്നു. ഇത്തരം നിരവധി തട്ടിപ്പുകള്‍ ഭരണ സമിതി മൂടി വച്ചത് ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
കൃഷിഭവന്‍ അഡ്വാന്‍സ് എന്ന് കാണിച്ച് വന്‍ തുക ബാങ്കില്‍ നിന്ന് വകമാറ്റി. 2018 ല്‍ 721 പേരുടെ വാര്‍ഷിക വരിസംഖ്യയാണ് സീതത്തോട് ലോക്കല്‍ കമ്മറ്റി പാര്‍ട്ടി പത്രത്തിന് അടച്ചത്. ഇതിനായി വ്യാജ ലഡ്ജര്‍ വഴി ബാങ്കില്‍ നിന്ന് വക മാറ്റിയത് 12.12 ലക്ഷം രൂപയാണെന്ന് പറയപ്പെടുന്നു.
കൃഷിഭവന്‍ അഡ്വാന്‍സ് എന്ന പേരില്‍ 2018 സെപ്റ്റംബര്‍ മൂന്നിന് 3530 റഫറന്‍സ് നമ്പരായി 12.12 ലക്ഷം രൂപ പമ്പ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന് നല്‍കിയെന്നാണ് ഡീറ്റെയില്‍ഡ് ജനറല്‍ വൗച്ചറില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ബിനാമി പേരില്‍ അഡ്വാന്‍സ് നല്‍കിയ തുക പത്രത്തിന് വരിസംഖ്യ അടയ്ക്കാനാണ് ഉപയോഗിച്ചത് എന്നാണ് ആരോപണം. ഇതേ ലഡ്ജറില്‍ ബാലമുരളി എന്നയാള്‍ക്ക് ലക്ഷങ്ങള്‍ ഒരു മാസം തന്നെ അഞ്ചു തവണ നല്‍കിയിട്ടുള്ളതായും പറയുന്നുണ്ട്.
ബാലമുരളി എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നും ഈ പേരിലേക്ക് പണം അഡ്വാന്‍സ് ചെയ്ത് ജീവനക്കാരോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോ വാങ്ങിയെടുത്തിരിക്കാമെന്നാണ് സംശയിക്കുന്നത്.
ബാങ്കില്‍ നിരവധി ബിനാമി അക്കൗണ്ടുകളുമുണ്ട്. കൃഷിഭവന്‍ അഡ്വാന്‍സ്, സസ്‌പെന്‍സ് അക്കൗണ്ട്, എഫ്.ഡി വായ്പ, പണ്ടമില്ലാതെ സ്വര്‍ണ പണയ വായ്പ എന്നിങ്ങനെ പലതരം തട്ടിപ്പുകളാണ് ഇതുവരെയായി ബാങ്കില്‍ അരങ്ങേറിയത്.
ബാങ്കിലേക്ക് പരിശോധനയ്ക്ക് ഓഡിറ്റ് സംഘത്തെയോ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഉള്ളവരെയോ പ്രവേശിപ്പിക്കാറില്ല. നേതാക്കളില്‍ ചിലര്‍ വളം ഇടപാടുകളില്‍ 25 ശതമാനം കമ്മിഷന്‍ നേരിട്ട് കൈപ്പറ്റിയിരുന്നു.
ഈ തുക ബാങ്കിലെ ബിനാമി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ട് പിന്നീട് അവിടെ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തിരുന്നത്. കൃത്യമായുള്ള ഒരു അന്വേഷണവും ഇവിടെ നടക്കുന്നില്ലെന്നതും തട്ടിപ്പുകാര്‍ക്ക് രക്ഷയാകുന്നു.