സീതത്തോട്: ചിറ്റാര്‍,സീതത്തോട് പഞ്ചായത്തുകളുടെ വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരെ കാണാതായി. ഉരുളുപൊട്ടലിനെത്തുടര്‍ന്നുണ്ടായ ജലപ്രവാഹത്താല്‍ സീതത്തോട് ടൗണ്‍ വെള്ളത്തില്‍ മുങ്ങി. പാലങ്ങളെല്ലാം മുങ്ങിയിരിക്കുന്നതിനാല്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതു പോലും ദുഷ്‌കരമായിരിക്കുകയാണ്.
ചിറ്റാര്‍,വയ്യാറ്റുപുഴ മേഖലയിലെ കുളങ്ങരവാലി, സീതത്തോട്ടിലെ മുണ്ടന്‍പാറ-ഗുരുനാഥന്‍മണ്ണ് മേഖലകളിലാണ് ഏറ്റവും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് പേരെ കാണാതായതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. നിരവധി വീടുകളും ശക്തമായ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. സീതത്തോട്ടില്‍ മാത്രം 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയെന്നാണ് വിവരം. സീതത്തോട് ടൗണിലൂടെ(സമീപം) ഒഴുകുന്ന കക്കാട്ടാറിലൂടെ ആന ഒഴുകിപ്പോയെന്നും വിവരമുണ്ട്.
സീതത്തോട് കെ.ആര്‍.പി.എം എച്ച്.എസ്.എസ്, വയ്യാറ്റുപുഴ മാര്‍ത്തോമാ ഓഡിറ്റോറിയം, ചിറ്റാര്‍ 86 മുസ്ലിം ജമാ അത്ത് ഓഡിറ്റോറിയം എന്നിവ ദുരിതാശ്വാസ ക്യാമ്പിനായി തുറന്നു കൊടുത്തിരിക്കുകയാണ്.ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: കലക്ട്രേറ്റ്: 04682322515, 2222515, 8078808915