തൃശൂർ: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു യെച്ചൂരിയുടെ പരാമർശം.
കോണ്‍ഗ്രസുമായി സഖ്യത്തിനു സിപിഎമ്മില്ല. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ വർഗീയ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടിയിൽ ഒരുതരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ല. പാർട്ടിയുടെ പ്രതിനിധികൾ ചർച്ച ചെയ്തെടുത്ത തീരുമാനം അന്തിമമാണ്. മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
സംസ്ഥാനത്ത് പാർട്ടി ഉൾപ്പെടുന്ന അക്രമപ്രവർത്തനങ്ങളെയും യെച്ചൂരി തള്ളിക്കളഞ്ഞു. അക്രമങ്ങൾ പാർട്ടിയുടെ നയമല്ല. എന്നാൽ പാർട്ടി പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.