കോടാലി: സർക്കാർ എൽപി സ്കൂളിന്റെ ഓമനയായിരുന്ന കൃഷ്ണപരുന്ത് സീത ഓർമയായി. വർഷങ്ങളായി കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് താലോലിച്ചു വളർത്തിയിരുന്ന സീതയുടെ വിയോഗം വിദ്യാലയത്തെ ശോകമൂകമാക്കി. പതിനൊന്നു വർഷം മുന്പ് നാട്ടുകാരിലൊരാൾ വിദ്യാലയത്തിന് സമ്മാനിച്ചതാണ് സീതയെ.
നേരത്തെ ഈ വിദ്യാലയത്തിൽ വളർത്തിയിരുന്ന പഞ്ചമി എന്ന കൃഷ്ണ പരുന്ത് ചത്തു പോയപ്പോഴാണ് പകരക്കാരിയായി സീതയെ സമ്മാനിച്ചത്.
അന്നത്തെ പ്രധാനധ്യാപകനും ദേശീയ അധ്യാപക പുരസ്കാര ജേതാവുമായ ഏ.വൈ. മോഹൻ ദാസാണ് സീതയെന്നു പേരിട്ടു വളർത്തിയത്. വിദ്യാലയത്തിലെത്തുന്നവർക്ക് കൗതുകക്കാഴ്ചയായിരുന്നു സീത. കുട്ടികളോടും അതിഥികളോടും പെട്ടെന്ന് ചങ്ങാത്തത്തിലാകുന്ന പ്രകൃതമായിരുന്നു ഇവളുടേത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ വിദ്യാലയം സന്ദർശിച്ച പ്രമുഖരെല്ലാംതന്നെ സീതയെ കൈയിലെടുത്ത് താലോലിച്ചിരുന്നു. രണ്ടുവർഷം മുന്പ് ഇവിടെയെത്തിയ കേന്ദ്ര ധനകാര്യ കമീഷൻ അംഗങ്ങൾ തിരക്കിനിടയിലും സീതയെ കൈയിലെടുത്ത് ഓമനിക്കാൻ സമയം കണ്ടെത്തി.
മന്ത്രി തോമസ് ഐസക്, മുൻ മന്ത്രി കെ.പി. മോഹനൻ തുടങ്ങി നിരവധി ജനപ്രതിനിധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ലാളന ഏറ്റുവാങ്ങിയ സീത കോടാലി സർക്കാർ പ്രൈമറി വിദ്യാലയത്തിന്റെ ഐക്കണ് ആയിരുന്നു.
പകൽ സമയത്ത് വിദ്യാലയത്തിന് മുന്നിലെ ജലധാരയ്ക്കു സമീപം കഴിഞ്ഞിരുന്ന സീതയെ രാത്രികാലങ്ങളിൽ മാത്രമാണു കൂട്ടിലാക്കിയിരുന്നത്.
മീനും മുട്ടയുമായിരുന്നു സീതയുടെ ഇഷ്ടഭക്ഷണം. അവധി ദിവസങ്ങളിൽ പിടിഎ അംഗങ്ങളും നഴ്സറി ജീവനക്കാരുമാണ് വിദ്യാലയത്തിലെത്തി സീതയ്ക്കു ഭക്ഷണം നൽകിയിരുന്നത്.
കഴിഞ്ഞ നാലു ദിവസമായി രോഗബാധിതയായി കഴിഞ്ഞി രുന്ന സീതയ്ക്കു മൃഗഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കൊടുത്തെങ്കിലും നാട്ടുകാരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി സീത യാത്രയായി.
ഏറെ സങ്കടത്തോടെയാണ് പ്രധാനാധ്യാപകൻ ജോസ് മാത്യുവും പിടിഎ പ്രവർത്തകരും ചേർന്നു വിദ്യാലയവളപ്പിൽ സീതയെ സംസ്കരിച്ചത്.