വടക്കഞ്ചേരി: മംഗലംഡാം കനാലുകളിൽ തകർന്നു കിടക്കുന്ന സ്ളൂയിസുകൾ അറ്റകുറ്റപണി നടത്തി പാടശേഖരങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി വേണമെന്ന് കർഷകർ. സ്ളൂയീസുകൾ മണ്ണും മാലിന്യങ്ങളും കൊണ്ട് മൂടികിടന്നും ഷട്ടറുകൾ ഇല്ലാതെയും ജലവിതരണ സംവിധാനം കാര്യക്ഷമമല്ല.
മുന്പൊക്കെ ഡാമിൽ നിന്നും ഇടത്-വലത് കനാലുകളിലേക്ക് വെള്ളം വിട്ടാൽ കനാൽ വരന്പിലൂടെ നടന്ന് ജീവനക്കാർ കനാൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള പരിശോധനകളുമില്ല. ഇതിനാൽ ഇഷ്ടിക ചൂളകളിലേക്കും മറ്റും കനാൽ വെള്ളം ഉപയോഗിക്കുന്നത് തടയാനാകാത്ത സ്ഥിതിയാണ്.
പലയിടത്തും പറന്പ് നനയും തകൃതിയാണ്.മംഗലം ഡാമിൽ നിന്നുള്ള ഇടത്-കനാൽ കിഴക്കഞ്ചേരി , വടക്കഞ്ചേരി, കണ്ണന്പ്ര പഞ്ചായത്തുകളിലൂടെ ഒഴുകി 23 കിലോ മീറ്റർ പിന്നിട്ട് പുതുക്കോട് പഞ്ചായത്തിലെ കണക്കന്നൂരിലാണ് അവസാനിക്കുന്നത്.വലത് കനാൽ വണ്ടാഴി, വടക്കഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്ന് 22 കിലോ മീറ്ററിനു ശേഷം കാവശേരി പഞ്ചായത്തിലെ കഴനി ചുങ്കത്താണ് അവസാനിക്കുന്നത്.
രണ്ട് മെയിൻ കനാലുകളിലുമായി നൂറോളം സ്ളൂയീസുകളുണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ എണ്ണം പോലും കനാൽ വിഭാഗത്തിന്റെ പക്കലില്ല. എല്ലാം ഉദ്ദേശ കണക്കിലാണ് വിവരങ്ങൾ പറയുന്നത്. സ്ളൂയീസുകളും അതിലെ ഷട്ടറുകളം തകർന്നു കിടക്കുന്നതിനാൽ കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം എത്താറില്ല.
ഇതുമൂലം വാലറ്റ പ്രദേശങ്ങളിലെ രണ്ടാം വിള നെൽക്കൃഷിയും ഇല്ലാതാവുകയാണ്. മണ്ണ് നിറഞ്ഞു് മംഗലംഡാമിന്റെ ജല സംഭരണശേഷി മുപ്പത് ശതമാനം കണ്ട് കുറഞ്ഞതും നെൽകൃഷിയുടെ വിസ്തൃതി കുറയാൻ കാരണമാണ്.